നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘പുഷ്പകവിമാനം’ എന്ന് പേരിട്ടു. തിരുവനന്തപുരത്തു നടക്കുന്ന സെലിബ്രറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്.
സി സി എൽ കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടനുമായ രാജ്കുമാർ സേതുപതി, ഇടവേള ബാബു, റിയാസ് ഖാൻ, ബിനീഷ് കോടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. ഈ ചിത്രത്തിന്റെ പ്രധാന ശിൽപ്പികളായ സംവിധായകൻ ഉല്ലാസ് കൃഷ്ണ, നിർമ്മാതാവ് ജോൺ കുടിയാൻമല, നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ (ആരിഫാ പ്രൊഡക്ഷൻസ്. ഡിസ്ട്രിബ്യൂഷൻ ) എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. കണ്ണൂരിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സിജു വിൽസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നമൃത ( വേല ഫെയിം) നായികയാകുന്നു.
സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, ലെന, മനോജ്.കെ.യു, എന്നിവരും പ്രധാന താരങ്ങളാണ്. സന്ദീപ് സദാനന്ദനും ദീപു എസ്. നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിക്കുന്നു. ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക