സംസ്ഥാനത്ത് ചൂട് കൊടുമ്പിരി കൊണ്ട് നിൽക്കുകയാണ്. വളരെ ഉയർന്ന താപനിലയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. താപനിലയിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ മാർച്ച് 19 മുതൽ 21 വരെ 39 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്താനും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന് 36 ഡിഗ്രി സെൽഷ്യസ് വരെയാവാൻ സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ മലയോര മേഖലകൾ ഒഴികെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക