തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ തീയതിയായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതലാണ് ആരംഭിക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്ക്.
ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ 3 ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 3 ന് ആരംഭിക്കും. 8 ക്യാമ്പുകളിലായി 2200 അധ്യാപകര്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിര്‍ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം. മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2023- 24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്ടോബർ 25 ന് ക്ഷണിച്ച് 2023 ഡിസംബർ 17 ന് പ്രൊവിഷണൽ ലിസ്റ്റും പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിശോധിച്ച് 2024 ഫെബ്രുവരി 16 ന് ഫൈനൽ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക