മലയാളത്തിലെ വരാനിരിക്കുന്ന റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒരു ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും നായകന്മാരായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർവഹിക്കുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് സംബന്ധിച്ചാണ് പുതിയ അപ്ഡേറ്റ്. നാളെ വൈകിട്ട് ആറ് മണിക്ക് ട്രെയ്ലര് പുറത്തെത്തും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് മോഹന്‍ലാലും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പ്രണവ് തന്നെ നായകനായ ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് . അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ വിതരണം ചെയ്യുന്നത്. രാജ്യത്തെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ്, മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ മാർക്കറ്റിംഗ് പാർട്ണർ കല്യാൺ ജ്വല്ലേഴ്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക