മുംബൈ: മുംബൈ-ഗോരഖ്പൂർ ഗോദാൻ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിൻ ഉടൻ നിർത്തിയിടാനായതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. പെട്ടെന്നുള്ള തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആളപായമില്ല.
നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ എസ്എൽആർ കോച്ചിൽ നിന്ന് പുക ഉയർന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ കാറ്റ് നിലനിന്നിരുന്നതിനാൽ നിമിഷങ്ങൾക്കകം കംപാർട്ട്മെൻ്റിൽ തീ ആളിപ്പടർന്നു.
കോച്ചിന് തീപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ട്രെയിൻ നിർത്താനായതിനാല്‍ യാത്രക്കാർ പെട്ടെന്ന് ഇറങ്ങി. അഗ്നിശമന സേനാംഗങ്ങളും റെയിൽവേ പൊലീസും റെയിൽവേ അധികൃതരും ഉടൻ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
തീവണ്ടിക്ക് സമീപമുള്ള ഹൈ ടെൻഷൻ ലൈൻ കാരണം അഗ്നിശമന സേനാംഗങ്ങൾക്ക് വെല്ലുവിളികൾ നേരിട്ടു. തീ അണയ്ക്കുന്നതിന് മുമ്പ് അപകടത്തിൽപ്പെട്ട കോച്ച് ട്രെയിനിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേർപെടുത്താൻ റെയിൽവേ അധികൃതർ തീരുമാനിച്ചു. തുടർന്നാണ് തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
”തീപിടിത്തം റിപ്പോർട്ട് ചെയ്ത ഉടൻ റെയിൽവേ അധികൃതർ ട്രെയിൻ നിർത്തി. റെയിൽവേ പോലീസും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും ഉടൻ സംഭവസ്ഥലത്ത് എത്തി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കി. പെട്ടന്നുണ്ടായ തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല,” റെയിൽവേ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക