ലോകത്തിലെ ആദ്യ സി.എൻ.ജി ബൈക്ക് പുറത്തിറക്കാനൊരുങ്ങി ബജാജ്. വാഹനം ജൂണിൽ അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ് പറഞ്ഞു. അടുത്ത അഞ്ച് വർഷത്തെ കമ്പനിയുടെ CSR 5,000 കോടി രൂപയാണെന്നും രാജീവ് ബജാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രവർത്തന ചെലവിലെ കുറവായിരിക്കും വാഹനത്തിന്റെ പ്രധാന പ്രത്യേകത. അതേസമയം, പെട്രോൾ ബൈക്കിനെ അപേക്ഷിച്ച് വില അൽപ്പം കൂടാൻ സാധ്യതയുണ്ട്. ബജാജിന്റെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പദ്ധതിയാണ് സി.എൻ.ജി മോട്ടോർ സൈക്കിൾ. നിലവിൽ സി.എൻ.ജിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ ബജാജ് പുറത്തിറക്കുന്നുണ്ട്. പ്രതിമാസം 70,000ത്തോളം വാഹനങ്ങൾ ബജാജ് വിൽക്കുന്നുണ്ട്.
ഇലക്ട്രിക് ബൈക്കുകളും കാറുകളും നിരത്തുവാഴുന്ന ഇക്കാലത്ത് CNG ബൈക്കിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്. Bruzer എന്ന പേരിലായിരിക്കും CNG ബൈക്ക് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. കുറഞ്ഞ വിലയിൽ മാക്സിമം മൈലേജ് ലഭിക്കുമെന്നതാണ് സിഎൻജി ബൈക്കിന്റെ സവിശേഷതയായി കണക്കാക്കുന്നത്. 2025ൽ പുറത്തിറക്കുമെന്നായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. പിന്നീടാണ് സിഎൻജി ബൈക്ക് പദ്ധതി കമ്പനി വേഗത്തിലാക്കിയത്.
പ്രവർത്തന ചെലവ് 50-65 ശതമാനം വരെ കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ കാർബൺ ഡൈ ഓക്സൈഡിന്റെ പുറംതള്ളൽ 50 ശതമാനവും കുറയും. ബജാജ് ബ്രൂസർ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 110-125 സി.സി വാഹനമാകും പുറത്തിറക്കുക എന്നായിരിക്കും വിവരം.
പെട്രോൾ ടാങ്കിന് പുറമെ സി.എൻ.ജിക്കായി പ്രത്യേക സിലിണ്ടറാകും. സി.എൻ.ജി വാഹനങ്ങൾക്കായി പുതിയ സബ് ബ്രാൻഡ് ആരംഭിക്കാനും ബജാജ് ലക്ഷ്യമിടുന്നുണ്ട്. ഉത്പാദന ചെലവ് കൂടുതലായതിനാലും നിരവധി നൂതന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനാലും ബൈക്കിന്റെ വില കൂടുതലായിരിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക