മലയാള സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ മാസം 28നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസരത്തില്‍ തെലുങ്കാനയില്‍നിന്ന് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തെത്തുകയാണ്. മൈത്രി മൂവി മേക്കേഴ്സാണ് ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ചിത്രം വിതരണം ചെയ്യുന്നത്.
തെലുങ്ക് സിനിമയിലെ ശ്രദ്ധേയരായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായായി പ്രിവ്യൂ ഷോ അവര്‍ സംഘടിപ്പിച്ചിരുന്നു. ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു സ്പെഷല്‍ സ്ക്രീനിംഗ്. ചിത്രം കണ്ടതിന് ശേഷമുള്ള സിനിമാപ്രവര്‍ത്തകരുടെ പ്രതികരണം മൈത്രി മൂവി മേക്കേഴ്സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.
ഏറ്റവും മികച്ച സര്‍വൈവല്‍ സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ ആദ്യ പ്രതികരണം. ആടുജീവിതം ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന സിനിമയാണെന്നും ഈ പ്രയത്നത്തിന് കയ്യടി നല്‍കിയേ മതിയാകൂവെന്നും പറയുന്നവരുണ്ട്. പൃഥ്വിരാജിന്റെ മേക്കോവറും പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് മറ്റ് ചിലര്‍ പറയുന്നു.
‘ആടുജീവിതം’ അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമാണെന്നും വളരെ വൈകാരികമാണെന്നും സിനിമാപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവന്‍ കയ്യടി നേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്ലെസിയുടെ മേക്കിങ്ങിനെയും വാനോളം പ്രശംസിക്കുന്നു.
2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്. റഹ്മാന് സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്), കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക