എല്ലാ പോഷകങ്ങളും ശരിയായ തോതിലുണ്ടെങ്കിൽ മാത്രമേ ശരീരത്തിന് നല്ല ആരോഗ്യം ലഭ്യമാകുകയുള്ളു. അല്ലെങ്കിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. തലമുടി മുതല്‍ പേശികള്‍ വരെയുള്ളവയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് പ്രോട്ടീൻ. എന്നാല്‍ പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിക്ക് ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉള്‍പ്പടെയുള്ള ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
പ്രോട്ടീന്‍ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോള്‍ ശരീരം പലതരത്തില്‍ അക്കാര്യം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ സൂചനകള്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
1. മധുരത്തോടുള്ള ആസക്തി
പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും ഈ കൊതി മാറില്ല. കാരണം ശരീരത്തിനാവശ്യം മധുരമല്ല പ്രോട്ടീനാണ് എന്നത് തന്നെ. ശ്രദ്ധിച്ചില്ലെങ്കില്‍ മധുരം അധികം കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കൂടി ലഭിക്കും.
2. പേശി, സന്ധിവേദന
പേശി, സന്ധിവേദന ഇവയ്ക്കും പ്രോട്ടീന്‍ കുറവ് കാരണമാകും. സന്ധികളില്‍ ഉള്ള സിനോവിയല്‍ ഫ്ലൂയിഡ് പ്രധാനമായും പ്രോട്ടീന്‍ നിര്‍മിതമാണ്. ഇതാണ് സന്ധികളില്‍ ഈര്‍പ്പം നല്കി വേദനയൊഴിവാക്കുന്നത്. പ്രോട്ടീന്റെ കുറവ് ഈ ഫ്ളൂയിഡിന്റെ അഭാവത്തിന് കാരണമാകും. ഫലം സന്ധിവേദന.
3. ക്ഷീണം
പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഇത് മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ശരീരത്തിലുണ്ടാക്കും-തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. അതിനാല്‍ ഉത്സാഹക്കുറവ് തോന്നുന്നതും ചിലപ്പോള്‍ പ്രോട്ടീന്‍ കുറവിന്റെ ലക്ഷണമായേക്കാം.
4. ഉറക്കക്കുറവ്
ഉറക്കകുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീന്‍ കുറവിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടാനും കാരണമാകും.
5. നഖം പൊട്ടുന്നത്
പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്റെ ലക്ഷണമാകാം.തലമുടി കൊഴിച്ചിലും പ്രോട്ടീനിന്റെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. അതിനാല്‍ അകാരണമായി തലമുടി കൊഴിയുന്നതിനെയും നിസാരമായി കാണേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക