തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർത്ഥും അദിതി റാവു ഹൈദാരിയും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വെച്ച് ലളിതമായ രീതിയിൽ വിവാഹം നടന്നെന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്ത നിക്ഷേധിച്ച് താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ താരങ്ങൾ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വിവരം പങ്കുവച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ മോതിരങ്ങൾ അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ ഇരുവർക്കും ആശംസകളറിയിച്ചു.
സിദ്ധാർത്ഥും അദിതിയും ഏറെ കാലമായി പ്രണയത്തിലാണ്. പൊതുവേദികളിലടക്കം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയരുന്നതിനിടെയാണ് ഇരുവരും വിവാഹിതരായെന്ന വാർത്ത പ്രചരിച്ചത്. വിവാഹം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വാർത്തകളോട് പ്രതികരിച്ച് സിദ്ധാർത്ഥ് അറിയിച്ചത്.
ബോയ്സ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് സുപരിചിതനായ നടനാണ് സിദ്ധാർത്ഥ്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരിയും തമ്മിലുള്ള പ്രണയ വാർത്തകൾ ഏറെ കാലമായി ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്. മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക