ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടാൻ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട വെള്ളത്തിലിട്ട് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പതിവായി കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഒരുപാട് നല്ലതാണ്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകൾക്കും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് നല്ല ഒരു പ്രതിവിധിയാണ്. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഈ വെള്ളം കുടിക്കാവുന്നതാണ്. ഇതിനായി കറുവപ്പട്ട വെള്ളത്തില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ഫൈബര്‍ ധാരാളമായി അടങ്ങിയ ചിയ വിത്തുകള്‍ വിശപ്പ് കുറയ്ക്കാനും വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും നല്ലതാണ്. നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ചിയ വിത്ത് സഹായിക്കും. അതിനാല്‍ കറുവപ്പട്ട വെള്ളത്തില്‍ കുറച്ച് ചിയ സീഡുകള്‍ കൂടി കുതിർത്ത ശേഷം കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. ഇവയുടെ കലോറിയും വളരെ കുറവാണ്. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും കറുവപ്പട്ട- ചിയ വിത്ത് വെള്ളം സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഈ വെള്ളം ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ക്കും കറുവപ്പട്ട- ചിയ വിത്ത് വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക