പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗുരുതരാവസ്ഥയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ് എന്നും എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവെച്ചു.
കൊച്ചിയിലുള്ള ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിൽ കഴിയുകയാണ് മദനി. ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് വിവരം.
ശ്വാസംമുട്ട് ഉണ്ടാകുകയും അസുഖം അതികഠിനമായി മൂർച്ഛിക്കുന്നതും വളരെ ആശങ്കയോടെയാണ് ഡോക്ടർമാർ കാണുന്നത്. കിഡ്നി രോഗികളിൽ സാധാരണയായി ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അവസ്ഥയാണ് ഉണ്ടാകാറ്. എന്നാൽ മഅദനിയുടെ ശ്വാസകോശത്തിൽ വെള്ളം കെട്ടുന്നതിനു പുറമേ ഹൃദയത്തിലും വെള്ളം കെട്ടുന്ന അവസ്ഥ ഉള്ളതായാണ് ഡോക്ടർമാർ പറയുന്നത്.
ഇതിനെ വളരെ ഗൗരവത്തോടെയാണ് ഡോക്ടർമാർ കാണുന്നത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പ്രയാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ ആൻജിയോഗ്രാം ചെയ്യുന്നതിനും കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കാനും എല്ലാവരും പ്രാർത്ഥിക്കണം എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക