വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. രാഹുൽ ഗാന്ധിയോടൊപ്പം കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം എം ഹസ്സൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.
നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനായി എത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്. ഇന്നാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് യുഡിഎഫ് കടന്നു.
ഉച്ചയ്ക്ക് 12 മണിയോടെയാണ് പത്രിക സമർപ്പണം നടന്നത്. നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ ടൗണിൽ നടന്ന റോഡ് ഷോയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ പ്രളയ കാലത്തെ പ്രവർത്തനങ്ങളും വന്യജീവി ആക്രമണങ്ങളെ കുറിച്ചും പരാമർശിച്ച രാഹുൽ ഗാന്ധി സംസ്ഥാന സർക്കാറിനെതിരെ വലിയ വിമർശനങ്ങളിലേക്ക് കടന്നില്ല. വയനാട്ടിൽ ലോക്സഭ സ്ഥാനാർത്ഥിയായതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക