സ്കോഡയുടെ ലക്ഷ്വറി സെഡാൻ സൂപ്പർബ് ഇന്ത്യയിൽ തിരിച്ചെത്തി. ഒരു വർഷത്തിന് ശേഷമാണ് സെഡാൻ സൂപ്പർബ് ഇന്ത്യയിൽ വീണ്ടും എത്തുന്നത്. മുമ്പ് ഇന്ത്യയിലേക്കുള്ള സൂപ്പര്‍ബ് ഇന്ത്യയില്‍ ഒരുങ്ങിയിരുന്നെങ്കില്‍ ഇത്തവണ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് സൂപ്പര്‍ബ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഒരു വേരിയന്റില്‍ മാത്രം എത്തുന്ന ഈ വാഹനം 54 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
സൂപ്പര്‍ബിന്റെ ഉയര്‍ന്ന വകഭേദമായ ലോറിന് ആന്‍ഡ് ക്ലെമന്റ് വേരിയന്റാണ് ഇന്ത്യയില്‍ എത്തുന്നത്. പ്രഥമിക ഘട്ടത്തില്‍ ഈ വാഹനത്തിന്റെ 100 യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സൂപ്പര്‍ബിന്റെ നാലാം തലമുറ മോഡലാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ മാത്രം അവതരിപ്പിച്ച ഈ വാഹനം 2023 നവംബറില്‍ തന്നെ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. മൂന്നാം തലമുറ മോഡലിന് ഇന്ത്യയില്‍ 34 ലക്ഷം രൂപയായിരുന്നു വിലയെന്നാണ് റിപ്പോര്‍ട്ട്.
2 ലിറ്റർ ഫോർ സിലിണ്ടർ ടി.എസ്.ഐ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. 187 ബി.എച്ച്.പിയാണ് പരമാവധി ശക്തി. 320 എൻ.എം ടോർക്കും ഈ എൻജിൻ ഉൽപ്പാദിപ്പിക്കും. 7 സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ഇതിനോട് ഉൾചേർത്തിരിക്കുന്നത്.
മൊബൈൽ കണക്റ്റിവിറ്റി സൗകര്യമുള്ള ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ സീറ്റിലെ മസാജിങ് സൗകര്യം, 3 സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിലുണ്ട്. വിർച്വൽ കോക്പിറ്റ്, 12 സ്പീക്കറോടു കൂടിയുള്ള കന്റണിന്റെ ഓഡിയോ സംവിധാനം എന്നിവയും ഇടംപിടിച്ചിരിക്കുന്നു. എ.ബി.എസ്, ഹിൽ ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ഓട്ടോ ഹോൾഡോട് കൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 360 ഡിഗ്രി കാമറ, പാർക്ക് അസിസ്റ്റ്, 9 എയർ ബാഗുകൾ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും പുതിയ സൂപ്പർബിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക