ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി ലിൻഡി കാമറൂൺ നിയമിതയായി. ദേശീയ സൈബർ സുരക്ഷാ കേന്ദ്രത്തിന്റെ മേധാവിയാണ് നിലവിൽ ലിൻഡി കാമറൂൺ. നിലവിലെ ഹൈ കമ്മീഷണർ ആയ അലക്സ് എല്ലിസിൻ മൂന്നുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് പുതിയ നിയമനം.
ബ്രിട്ടന്റെ ഇന്ത്യയിലെ ഹൈ കമ്മീഷണർ ആകുന്ന ആദ്യ വനിത എന്ന ബഹുമതിയും ഇതോടെ ലിൻഡി കാമറൂണിന് സ്വന്തമാകും. ഈ മാസം തന്നെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി ലിൻഡി സ്ഥാനമേൽക്കും. പശ്ചിമ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഇന്റർനാഷണൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലും സേവനമനുഷ്ഠിച്ചിട്ടുള്ള ലിൻഡി കാമറൂൺ ബ്രിട്ടന്റെ വടക്കൻ അയർലൻഡ് ഓഫീസിന്റെ ഡയറക്ടർ ജനറൽ ആയിരുന്നു.
ഇതുകൂടാതെ അഫ്ഗാനിസ്ഥാൻ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലും ലിൻഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി 2020 മുതൽ 2024 വരെ സേവനമനുഷ്ഠിച്ച ലിൻഡി കാമറൂൺ യുകെയുടെ സൈബർ സുരക്ഷ ഇൻഫ്രാസ്ട്രക്ചറും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിലെ കൺട്രി പ്രോഗ്രാമുകളുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ 2016 മുതൽ 2019 വരെ ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിലെ വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ സംരംഭങ്ങൾക്ക് ലിൻഡി മേൽനോട്ടം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക