സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 13 മുതൽ ഏപ്രിൽ 17 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കാസർഗോഡ്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ താപനിലയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് ഈ ജില്ലകളിൽ രേഖപ്പെടുത്താൻ സാധ്യതയുള്ളത്. മലയോര മേഖലകളിൽ ഒഴികെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഏപ്രിൽ 13 മുതൽ 17 വരെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം വൈകിട്ട് ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നേരിയ മഴ മാത്രമാണ് ലഭിച്ചത്. അതേ സമയം കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് മഴപെയ്താലും ശമനം ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക