കടുത്ത ചൂടാണ് സംസ്ഥാനത്ത് ഓരോ ദിവസവും രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്നവർ കടുത്ത ചൂടിൽ വിയർത്ത് കുളിക്കുമെന്ന് ഉറപ്പ്. വിയർത്ത് കുളിക്കുന്നതോടൊപ്പം ശരീരത്തിൽ ദുർഗന്ധവും ഉണ്ടാകാറുണ്ട്. പലപ്പോഴും സഹിക്കാവുന്നതിലും അപ്പുറമാണ് ഇത്തരത്തിൽ വിയർപ്പുമൂലം ശരീരത്തിൽ ഉണ്ടാകുന്ന ദുർഗന്ധം.
ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കടുത്ത ചൂടു മൂലം ശരീരത്തിൽ ഉണ്ടാകുന്ന വിയർപ്പും ദുർഗന്ധവും അകറ്റാൻ നമുക്ക് സാധിക്കും. ഇവ ഏതൊക്കെയാണെന്ന് നോക്കാം. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ അധിക ഊഷ്മാവ് കുറയ്ക്കുന്നതോടൊപ്പം വിയർപ്പ് നിയന്ത്രിക്കുകയും ശരീര ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നതിന് സഹായിക്കും.
വറുത്തതും പൊരിച്ചതും എരുവുള്ളതുമായ ഭക്ഷണങ്ങൾ ചൂടുകാലത്ത് ഒഴിവാക്കുകയും ശരീരത്തിന് തണുപ്പ് ലഭിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തിന് കുളിർമ നൽകി വിയർപ്പ് കുറയ്ക്കുന്നതിന് സഹായകരമാണ്.
ധാരാളമായി വിയർപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്ന ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി വിയർപ്പ് വലിച്ചെടുക്കുകയും ചൂടിനെ പ്രതിരോധിക്കുകയും ചെയ്യുന്ന കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ശരീരത്തിൽ വിയർപ്പ് ഇല്ലാതാക്കാൻ ഒരു പരിധിവരെ സഹായിക്കും. ഐസ് വാട്ടർ സ്പ്രേ ഉപയോഗിച്ചും ചൂടുകാലത്ത് ശരീരത്തിൽ ഫ്രഷ്നസ് നിലനിർത്താൻ സാധിക്കും.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഐസ് വാട്ടർ സ്പ്രേ കയ്യിൽ കരുതുകയും ശരീരത്തിൽ ചൂട് കൂടുതലായി തോന്നുന്ന സമയത്ത് ശരീരത്തിൽ ഇത് സ്പ്രേ ചെയ്യുകയും ചെയ്യുന്നതിലൂടെ വിയർപ്പിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക