നീണ്ട 15 വർഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ് താര ജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന തരുൺമൂർത്തി ചിത്രത്തിലാണ് മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ശോഭന തന്നെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.
‘സാഗർ ഏലിയാസ് ജാക്കി’ എന്ന 2009 ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. 15 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പുതിയ ചിത്രത്തിന് ഉണ്ട്.
നാല് വർഷങ്ങൾക്ക് ശേഷമാണ് താൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്നും പുതിയ സിനിമക്കായി താൻ സൂപ്പർ എക്സൈറ്റഡ് ആണെന്നും ശോഭന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. മോഹൻലാലിന്റെ 360 മത്തെ ചിത്രമായതിനാൽ ‘എൽ 360’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.
‘എൽ360’ എന്ന ചിത്രം താനും മോഹൻലാലും ഒന്നിച്ചുള്ള 56മത്തെ ചിത്രമാണെന്നും താരം പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. ഇതിനു മുൻപ് 2004 ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി വെള്ളിത്തിരയിലെത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷം റിയലിസ്റ്റിക് കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ച് എടുക്കുന്ന സിനിമയായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രം ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം തരുൺമൂർത്തി ഒരുക്കുന്ന ചിത്രമായ ‘എൽ 360’ എന്ന ചിത്രത്തിന്റെ താരനിർണയം അടക്കമുള്ള കാര്യങ്ങൾ പൂർത്തിയായി വരികയാണ്.
റാന്നിയും തൊടുപുഴയും പ്രധാന ലൊക്കേഷനുകൾ ആകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ മൂന്നാം വാരത്തിൽ ആരംഭിക്കും. സംവിധായകൻ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക