ഇന്റര്‍നെറ്റില്ലാതെ തന്നെ ഫയലുകള്‍ പങ്കുവെക്കാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് പുതിയതായി ഒരുക്കുന്നത്. ഫോട്ടോ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ് എന്നീ ഫയലുകള്‍ ഓഫ്ലൈനായി പങ്കുവെക്കാനുള്ള ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ വാട്സ്ആപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരത്തില്‍ പങ്കുവെക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡാണെന്നും ഫയലുകളില്‍ കൃത്രിമം കാണിക്കുവാനോ ഇടപെടാനോ ആര്‍ക്കും സാധിക്കില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആന്‍ഡ്രോയിഡിനുള്ള വാട്സ്ആപ്പ് ബീറ്റയുടെ പുതിയ സ്ക്രീന്‍ ഷോട്ടില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മുമ്പ് ഷെയറിറ്റ്, എക്സെന്റര്‍ പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതിന് സമാനമായി ബ്ലൂടൂത്ത് ഉപയോഗിച്ച് അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തി ഫയലുകള്‍ പങ്കുവെക്കുന്ന സംവിധാനം ആയിരിക്കും ഇത്.
ഈ ഫീച്ചറിനായി അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്താനും, ഫയല്‍സിലേക്കും ഫോട്ടോഗാലറിയിലേക്കും പ്രവേശിക്കാനും, ലൊക്കേഷന്‍ എടുക്കാനുമുള്ള അനുമതികള്‍ വാട്സാപ്പ് ആവശ്യപ്പെടും. ഫോണ്‍ നമ്പറുകള്‍ മാസ്ക് ചെയ്തും ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തുമാണ് വാട്സാപ്പിലെ ഓഫ്ലൈന് ഫയല്‍ ഷെയറിങ് നടക്കുക. സമീപത്തുള്ള ഉപഭോക്താക്കള്‍ തമ്മില്‍ മത്രമേ ഈ രീതിയില്‍ ഫയല്‍ കൈമാറ്റം സാധ്യമാവൂ.
ഓഫ്ലൈനായി ഫയലുകള്‍ പങ്കുവെക്കാന്‍ ഉതകുന്ന ഫീച്ചറുകളുള്ള ഫോണ്‍ സമീപത്ത് തന്നെ ഉണ്ടായിരിക്കുക എന്നതാണ് ഇതില്‍ പ്രധാനം. പ്രാദേശിക ഫയല്‍ പങ്കിടുന്നതിനായി ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്കാന്‍ ചെയ്യാന്‍ അനുവദിക്കുന്ന ആന്‍ഡ്രോയിഡിന്റെ സാധാരണ സിസ്റ്റം അനുമതിയാണിത്. ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഈ ഓപ്ഷന് ഓഫ് ചെയ്ത് വെക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക