തിരുവനന്തപുരം: കൊച്ചുവേളി-മംഗലാപുരം റൂട്ടിലുള്ള സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. സീറ്റ് റിസർവേഷൻ ഐആർസിടിസി ഉൾപ്പെടെയുള്ള സംവിധാനം മുഖേനയാണ് ആരംഭിച്ചിരിക്കുന്നത്.
എട്ട് സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമാണ് ട്രെയിനിനുള്ളത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സ്പെഷ്യൽ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കും. നാളെ രാവിലെ എട്ട് മണിയോടെയാകും കൊച്ചുവേളിയിൽ എത്തുക. ഇവിടെ നിന്നും ഉച്ചയ്ക്ക് രണ്ടരയോടെ മടക്കയാത്ര ആരംഭിക്കും. തൊട്ടടുത്ത ദിവസം പുലർച്ചെ മൂന്ന് മണിക്കാകും മംഗലാപുരത്ത് എത്തിച്ചേരുക. ഏപ്രിൽ 27-നും ഇതേ രീതിയിലാകും ട്രെയിൻ സർവീസ് തുടരുക.
രാജ്യത്തൊട്ടാകെയുള്ള നിരവധി റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ട്. കേരളത്തിൽ വിവിധ റൂട്ടുകളിലായി യാത്രാ തിരക്ക് പരിഹരിക്കാൻ പ്രത്യേക തീവണ്ടികൾ ഓടും. സ്ഥിരമായി തിരക്ക് അനുഭവപ്പെടുന്ന ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി റൂട്ടുകളിലെ സ്പെഷ്യൽ ട്രെയിനുകൾ സഞ്ചാരികൾക്കും മറുനാട്ടിൽ നിന്നും കേരളത്തിലേക്ക് അവധിക്കാലത്ത് വരാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും.
കേരളത്തിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് 7 റൂട്ടുകളിലായി 14 പ്രത്യേക ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂൺ 30 വരെയാണ് സ്പെഷ്യൽ സർവീസുകൾ ഉണ്ടാവുക. അതിനാൽ തന്നെ അവധിക്കാലത്ത് നാട്ടിലേക്ക് വരാനും മടങ്ങാനും എളുപ്പമാണ്. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുള്ളതിനാൽ നാട്ടിലേക്ക് വരാനും തിരികെ പോകാനുമുള്ള ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക