ലണ്ടൻ: മരണനിരക്ക് വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ കുറയുമെന്ന് പഠനം പറയുന്നു. പുരുഷ ഡോക്ടർമാർ ചികിത്സിക്കുന്ന രോഗികളേക്കാൾ മരണ നിരക്ക് വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികളിൽ കുറവാണെന്നും വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ അടിക്കടി ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യതയും കുറവാണെന്നും പഠനത്തിൽ പറയുന്നു. ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
അമേരിക്കയിലെ ആശുപത്രികളിൽ 2016-2019 കാലത്തിനിടെ ചികിത്സ തേടിയ 4,58,100 സ്ത്രീകളും 3,18,800 പുരുഷന്മാരുമുൾപ്പെടെ 7,76,000 രോഗികളിലാണ് പഠനം നടത്തിയത്. വനിതാ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീരോഗികളിലെ മരണനിരക്ക് 8.15 ശതമാനവും പുരുഷ രോഗികളിലേത് 10.15 ശതമാനവുമായിരുന്നു. അതേസമയം, പുരുഷ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീ രോഗികളിലെ മരണനിരക്ക് 8.38 ശതമാനവും പുരുഷന്മാരിലേത് 10.23 ശതമാനവുമായിരുന്നു.വനിതാ ഡോക്ടർമാർ ശരാശരി 23 മിനിറ്റ് ഒരു രോഗിക്കുവേണ്ടി മാറ്റിവെക്കുമ്പോൾ പുരുഷ ഡോക്ടർമാർ 21 മിനിറ്റാണ് ചെലവിടുന്നതെന്ന് നേരത്തെ മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ നടത്തിയ പഠനത്തിൽ, സ്ത്രീ ഡോക്ടർമാർ ചികിത്സിച്ച 8.15% സ്ത്രീകളാണ് 30 ദിവസത്തിനുള്ളിൽ മരിച്ചത്. പുരുഷ ഡോക്ടർമാരാൽ ചികിത്സിച്ച 8.38% സ്ത്രീകളും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക