വേനലവധിക്കാലവും കടുത്ത വേനലും ഒരുമിച്ച് എത്തിയതോടെ അവധിക്കാലത്തും കളിച്ച് ഉല്ലസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കുരുന്നുകൾ. കടുത്ത ചൂട് സംസ്ഥാനത്ത് രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുതിർന്നവർക്ക് തന്നെ ചൂടിന്റെ കാഠിന്യം താങ്ങാൻ സാധിക്കുന്നില്ല. വീട്ടിലെ കുരുന്നുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഈ സമയത്ത് നൽകേണ്ടത് അത്യാവശ്യമാണ്.
ശുദ്ധമായ കുടിവെള്ളം ധാരാളമായി നൽകുകയും സോഫ്റ്റ് ഡ്രിങ്ക്സ്,കോഫി പോലുള്ള പാനീയങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കുകയും ചെയ്യാം. വീട്ടിലുണ്ടാക്കുന്ന പഴച്ചാറുകളും ശുദ്ധമായ കുടിവെള്ളവും മോരും കരിക്കുമെല്ലാം കുടിക്കുന്നതാണ് നല്ലത്.
കഠിനമായ ചൂടിൽ വിയർപ്പ് അധികമായതിനാൽ നിർജലീകരണം ഉണ്ടാകും എന്നതിനാൽ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നതിന് കുട്ടികളെ നിർബന്ധിക്കണം. വെയിലിന് കൂടുതൽ കാഠിന്യമുള്ള സമയമായ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയും കുട്ടികളെയും തുറസായ സ്ഥലങ്ങളിൽ കളിക്കാൻ വിടുന്നത് ഒഴിവാക്കേണ്ടതാണ്.
കൈകാലുകൾ പൂർണ്ണമായും മറയുന്ന ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുന്നതിന് ശ്രദ്ധിക്കാം. സൺസ്ക്രീൻ പുരട്ടുന്നത് ഒരു പരിധിവരെ ഗുണം ചെയ്യും. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചശേഷം ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സൺസ്ക്രീൻ പുരട്ടാവുന്നതാണ്. ജലാംശവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം.
ഭക്ഷണത്തിൽ മിതത്വം പാലിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം ലഘുഭക്ഷണം പലതവണയായി കഴിച്ച് കുട്ടികളിലെ ഊർജ്ജം നിലനിർത്തുന്നതിനും ശ്രദ്ധിക്കണം. എണ്ണമയമുള്ളതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കി എളുപ്പം ദഹിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികൾക്ക് നൽകാനും ശ്രദ്ധിക്കാം. രണ്ടോ മൂന്നോ തവണ കുട്ടികളുടെ ശരീരം തണുപ്പിക്കുന്നതിന് കുളിപ്പിക്കുന്നതും ശീലമാക്കാം.
വിയർത്തൊലിക്കുന്ന ശീലം വീടിനകത്തിരിക്കുമ്പോഴും ഉള്ള സാഹചര്യം ആയതിനാൽ അയഞ്ഞ വസ്ത്രങ്ങൾ വീടിനകത്തും ശീലമാക്കാൻ ശ്രദ്ധിക്കുക. കഠിനമായ വ്യായാമങ്ങളും മറ്റും കുട്ടികളെക്കൊണ്ട്ചെയ്യിക്കുന്നത് ഒഴിവാക്കി രാവിലെയോ വൈകിട്ടോ നടക്കാൻ കൊണ്ടുപോകുന്നത് ശീലമാക്കാം. ഇടയ്ക്കിടെ മുലപ്പാലും വെള്ളവും നവജാതശിശുക്കൾക്ക് നൽകുന്നതിന് ശ്രദ്ധിക്കണം.
പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്നത് തീർച്ചയായും ഒഴിവാക്കേണ്ട കാര്യമാണ്. വൈകുന്നേരം നാലുമണിക്ക് ശേഷവും രാവിലെ 10 മണിക്ക് മുൻപും ജനലുകളും വാതിലുകളും തുറന്നിട്ട് വീടിനകത്ത് വായു സഞ്ചാരം ഉറപ്പാക്കാനും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക