തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയില്‍ വാരിക്കോരി മാർക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. എഴുതിയ ഉത്തരത്തിന് മാത്രമാണ് മാർക്ക് കൊടുത്തത്. വാരിക്കോരി മാർക്ക് ഇടുന്നു എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ഒറിജിനൽ ആണോ എന്ന് പരിശോധിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ, വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇതുവരെ പ്രതികരിച്ചില്ല.
99.69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. വിജയശതമാനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കോട്ടയം ആണ്.
ഏറ്റവും കുറവ് വിജയശതമാനം നേടിയ ജില്ല തിരുവനന്തപുരം ആണ്. 71,831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,227 പേർ അധികമായി ഫുൾ എ പ്ലസ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പേർ എ പ്ലസിന് അർഹമായ ജില്ല മലപ്പുറം ആണ്. 4,25,563 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 99.8% ആണ് ടി എച്ച് എസ് എസ് എൽ സി വിജയശതമാനം.
ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായ ശേഷം വൈകിട്ട് 4 മണി മുതൽ ഫലം വെബ്സൈറ്റുകളിലൂടെ അറിയാൻ സാധിക്കും. www.prd.kerala.gov.in ,www.result.kerala.gov.in , www.examresults.kerala.gov.in , www.sslcexam.kerala.gov.in , www.results.kite.kerala.gov.in , www.pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്കിയാല് ഉടന്‍ വിശദമായ ഫലം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക