ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഇന്ത്യക്കാർക്കായി പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഈ മാർഗനിർദ്ദേശങ്ങൾ സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇതിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ (NIN) ഗവേഷണ വിഭാഗമായ മെഡിക്കൽ പാനൽ ചായയുടെയും കാപ്പിയുടെയും ഉപഭോഗം മിതമായ അളവിൽ നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ചായയും കാപ്പിയും കഴിക്കുന്നവരാണ്. എന്നാൽ, ഭക്ഷണത്തിന് മുൻപോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നതിനെതിരെ ഐസിഎംആർ മുന്നറിയിപ്പ് നൽകി. പലരും പ്രഭാതഭക്ഷണത്തിനൊപ്പം ചായയോ കാപ്പിയോ കുടിക്കുന്നവരാണ്. ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.
‘ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്ന’തായാണ് ഐസിഎംആർ ഗവേഷകർ പറയുന്നത്. ചായയോ കാപ്പിയോ പൂർണ്ണമായും ഒഴിവാക്കാൻ അവർ ആളുകളോട് ആവശ്യപ്പെട്ടില്ലെങ്കിലും, ഈ പാനീയങ്ങളിലെ കഫീൻ ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാൻ അവർ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി .ഒരു കപ്പ് ബ്രൂഡ് കാപ്പിയിൽ 80–120 മില്ലിഗ്രാം കഫീൻ, ഇൻസ്റ്റൻ്റ് കാപ്പിയിൽ 50–65 മില്ലിഗ്രാം കഫീൻ ചായയിൽ 30–65 മില്ലിഗ്രാം കഫീൻ എന്നിവ അടങ്ങിയിരിക്കുന്നു.
കഫീൻ ഉപയോഗം 300mg കവിയാരുതെന്നും പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും കാപ്പിയും ചായയും ഒഴിവാക്കണമെന്നാണ് ആവശ്യം. കാരണം ഈ പാനീയങ്ങളിൽ ടാനിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ, ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുംമെന്നും ഐസിഎംആർ പറയുന്നു.ശരീരം ആഗിരണം ചെയ്യുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ ടാനിന് കഴിയും. ഇത് ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ലഭിക്കുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു.
ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ നിർമിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഊർജ ഉത്പാദനത്തിനും കോശങ്ങളുടെ പ്രവർത്തനത്തിനും ഇരുമ്പ് പ്രധാനമാണ്.ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് അനീമിയ പോലുള്ള അവസ്ഥകൾക്ക് കാരണമാകും. എപ്പോഴും ക്ഷീണം, ഊർജക്കുറവ്, ശ്വാസതടസ്സം, ഇടയ്ക്കിടെ തലവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിളർച്ച, മുടി കൊഴിച്ചിൽ എന്നിവയെല്ലാം ഇരുമ്പ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
പാൽ ചേർക്കാതെ ചായ കുടിക്കുന്നത് രക്തചംക്രമണം മികച്ചതാക്കാനും കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി), വയറ്റിലെ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.
എന്നാൽ, ഉയർന്ന അളവിൽ കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം ഉയരാനും ഹൃദയമിടിപ്പ് വർധിക്കാനും കാരണമാകുന്നു. പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുതെന്നും പഞ്ചസാര, ഉപ്പ്, എണ്ണ എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തണമെന്നും ഐസിഎംആർ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ്, ശ്വാസതടസ്സം, ഇടയ്ക്കിടെയുള്ള തലവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിളറിയ ചർമ്മം, ഐസിനോടുള്ള ആസക്തി, മുടി കൊഴിച്ചിൽ എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക