നിറയെ ജലാംശം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. വേനൽക്കാലത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ തണ്ണിമത്തൻ ഏറെ സഹായിക്കും. ജ്യൂസായി കുടിക്കാനും വെറുതെ കഴിക്കാനുമെല്ലാം തണ്ണിമത്തൻ നമുക്ക് ഇഷ്ടമായിരിക്കും. എന്നാൽ തണ്ണിമത്തൻ കഴിച്ചാൽ ഭക്ഷ്യവിഷബാധയുണ്ടാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഇതിനു പിന്നിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കാരണങ്ങളുണ്ടെന്ന് ജനറൽ ഫിസിഷ്യനും കണ്ടന്റ് ക്രിയേറ്ററുമായ ഡോ.കോമൾ കുൽക്കർണി പറഞ്ഞു. ആദ്യത്തേത്, പഴങ്ങളുടെ നിറവും രുചിയും വർധിപ്പിക്കാൻ ചുവപ്പ് ചായവും ഷുഗർ സിറപ്പും ഉപയോഗിക്കുന്നതാണ്, രണ്ടാമത്തേത് അവ വളരുന്ന മണ്ണിൽ നിന്നുള്ള ദോഷകരമായ ബാക്ടീരിയകളാൽ അവ മലിനമാകുന്നുവെന്ന് അവർ പറഞ്ഞു.
ലൈസോപീൻ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ഒന്നാണ്. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. അമിതമായി തണ്ണിമത്തൻ കഴിക്കുന്നവർക്ക് അവയിൽ അടങ്ങിയിരിക്കുന്ന ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റും പണി തരാറുണ്ട്. ഇത് ദഹനകുറവ്, വയറു കമ്പിക്കൽ, വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
ചായം പൂശിയ തണ്ണിമത്തൻ സാധാരണ വിപണിയിൽ വിൽക്കാറില്ല. എന്നാൽ നിങ്ങൾ വാങ്ങുന്ന ഒരെണ്ണം ചായം പൂശിയതാണെങ്കിൽ ആശപ്പെടേണ്ടതാണ്. വ്യാവസായിക ചായങ്ങളിൽ ലെഡ് അല്ലെങ്കിൽ മെഥനോൾ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കാം. ഇത് ഭക്ഷ്യവിഷബാധ, ദഹനപ്രശ്നങ്ങൾ, കാൻസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു.
തണ്ണിമത്തൻ പോലുള്ള പഴങ്ങൾ സാധാരണയായി വളരുന്ന മണ്ണിൽ കാണപ്പെടുന്ന ബാക്ടീരിയകളാൽ അവ മലിനമാകാറുണ്ട്. ഈ ബാക്ടീരിയകൾ പുറംതൊലിയിൽ കയറാനും മുറിക്കുമ്പോൾ ഉള്ളിലേക്ക് കയറാനും സാധ്യതയുണ്ടെന്ന് അവർ വ്യക്തമാക്കി. തണ്ണിമത്തൻ നന്നായി കഴുകിയതിനുശേഷം ഉപയോഗിച്ചാൽ ബാക്ടീരിയകളെ നീക്കം ചെയ്യാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
തണ്ണിമത്തനിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഈ ഫലം കഴിക്കുന്നത് ശ്രദ്ധിക്കണം. ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ അമിതമായി തണ്ണിമത്തൻ കഴിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക