സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തുവിട്ടു. സുരാജും വിനായകനും തമ്മിൽ വഴക്കിടുന്നതാണ് ടീസറിലുള്ളത്. മൂന്നാമത്തെ ക്യാരക്ടർ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള രസകരമായ വഴക്ക് തന്നെയാകും ചിത്രമെന്നാണ് ടീസറുകൾ നൽകുന്ന സൂചന. പ്രേംശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ ”രണ്ടു പേർ” എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ.
സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ മെയ് മാസത്തിൽ പൂർത്തിയായിരുന്നു. ഏപ്രിലിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം.
ജയിലറിന്’ ശേഷം വിനായകന് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കെഎസ്ഇബി എന്‍ജിനീയര്‍ മാധവന് എന്ന കഥാപാത്രത്തെയാണ് വിനായകന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്. ബ്രിട്ടാനിയ, ഐടിസി, ടിവിസ, ലിവൈസ്, റാംഗ്ലർ തുടങ്ങീ അനേകം പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പ്രേം ശങ്കർ.
മെല്വിന് ബാബു, ഷമീര്‍ ഖാന്, കോട്ടയം രമേഷ്, മെറിന് ജോസ്, വിനീത് വിശ്വം, ബാലന് പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക