ബംഗളൂരു: ആസിഫ് അലി നായകനാകുന്ന ചിത്രം “ബി.ടെക്” ന്റെ ഷൂട്ടിംഗിനിടെ ലൊക്കേഷനില്‍ സംഘർഷം. സംഭവത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, സൈജു കുറുപ്പ് എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് പരുക്കേറ്റതായി വാർത്ത പുറത്തുവന്നിരിക്കുന്നു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന “ബി.ടെക്” എന്ന ചിത്രത്തിന്റെ ബംഗളൂരുവിലെ ലൊക്കേഷനിലായിരുന്നു സംഭവം.
സിനിമയില്‍ പൊലീസുകാരായി അഭിനയിച്ച കര്‍ണാടക സ്വദേശികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് താരങ്ങളെ മര്‍ദ്ദിച്ചത്. ഇവര്‍ക്ക് ലാത്തിച്ചാര്‍ജ്ജ് ചിത്രീകരിക്കാന്‍ നല്കിയ വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
അഭിനയത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ യഥാര്‍ത്ഥത്തില്‍ തല്ലുകയായിരുന്നു. അടി കിട്ടിയതോടെ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടു തട്ടിക്കയറി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സംഘത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനുള്ള ബുദ്ധിമുട്ടും രൂക്ഷമായി.
സംഭവത്തിന് ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് സംവിധായകന് ദേഷ്യപ്പെട്ടതോടെ, ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ചില്ലുകളും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതായി സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക