ന്യൂഡല്‍ഹി: ആഗ്രയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ താജ് മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരങ്ങള്‍ തകർന്നു വീണു. ബുധനാഴ്ച അര്‍ധ രാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലെ 12 അടി ഉയരത്തിലുള്ള ദര്‍വാസ-ഇ-റോസ എന്നറിയപ്പെടുന്ന കല്‍ത്തൂണാണ് തകർന്നു വീണത്. കൂടാതെ ദക്ഷിണ കവാടത്തിലെ മിനാരവും ചെറിയ വെളുത്ത താഴികക്കുടവും കാറ്റില്‍ തകര്‍ന്നു വീണു.
പ്രദേശത്ത് 40 മിനുട്ടോളം നീണ്ട ശക്തമായ മഴയും കാറ്റും പ്രധാന കെട്ടിടത്തേയും ബാധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താജ് മഹലിനു സമീപത്തെ പാര്‍ക്കിലുള്ള മരത്തിന്റെ ചില്ലകളും മറ്റും ഒടിഞ്ഞു വീണിട്ടുണ്ട്. എന്നാല്‍ ആളപായങ്ങളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക