ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പേരന്പ്. ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലെത്തുന്ന ചിത്രമാണ് പേരന്പ്. ടീസറില്‍ മമ്മൂട്ടി അമ്പരപ്പിക്കുന്ന അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.
ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ റിലീസിംഗിനായി പ്രേക്ഷകർ ഏറെനാളായി കാത്തിരിക്കുകയാണ്. ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതുവരെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പേരന്‍പിന്റെ ഫസ്റ്റ് ലുക്ക് പ്രൊമോയ്ക്കും മികച്ച സ്വീകരണമാണ് ആരാധകരില്‍ നിന്നും സിനിമാ ലോകത്ത് നിന്നും ലഭിച്ചത്.
പേരന്‍പിനേയും ചിത്രത്തിലെ മമ്മൂട്ടിയുടെ അമുദന് എന്ന കഥാപാത്രത്തേയും വാനോളം പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നടന് സിദ്ധാര്‍ത്ഥും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍”.- നടന് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഏവരുടെയും അഭിപ്രായം. വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പിലൂടെ പറയുന്നത്. ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാം സ്ഥാനത്തായിരുന്നു പേരന്പ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക