കേരളാ പോലീസ് ഇപ്പോൾ കഠിനപരിശ്രമത്തിലാണ്. ഏത് വിധേനയും ന്യൂയോർക്ക് പോലീസിനെ ഫെയ്സ്ബുക്ക് ലൈക്കുകളുടെ കാര്യത്തിൽ തോൽപ്പിക്കാനാണ് കേരളാ പോലീസിന്റെ ഈ കഠിന പരിശ്രമം.
ലോകത്തിലെ തന്നെ അത്യാധുനിക സേനയായ ന്യൂയോർക്ക് പോലീസിന് ഫെയ്സ്ബുക്കിൽ 7.80 ലക്ഷം ലൈക്കുകളാണുള്ളത്. കേരളാ പൊലീസിന് നിലവിൽ 6.45 ലക്ഷം ലൈക്കുകളും. ദിനംപ്രതി കേരളാപോലീസിന്റെ ഫെയ്സ്ബുക്ക് പേജിന് 20000 ത്തോളം പേരാണ് പുതുതായി ലൈക്ക് അടിക്കുന്നത്. ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളില്‍ ന്യൂയോര്‍ക്ക് പൊലീസിനെ മറികടന്ന് കേരള പൊലീസ് ഫേസ്ബുക്ക് ജനപ്രീതിയില്‍ ഒന്നാമതെത്തുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ബംഗളൂരു സിറ്റി പൊലീസിന്റെ 6.26 ലക്ഷം ലൈക്കിനെ മറികടന്ന് കേരളാപോലീസ് ഇന്ത്യയില്‍ ഒന്നാമതെത്തിയിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ. നവമാദ്ധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി പൊതുജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനുമാണ് കേരളാപോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. 24മണിക്കൂറും പൊലീസ് സോഷ്യല്‍മീഡിയ സംഘത്തിന്റെ സേവനം ലഭ്യമാണ്. പൊലീസ് സ്റ്റേഷനുകളുടെ നമ്പറുകൾ, ട്രാഫിക്, സൈബര്‍ മുന്നറിയിപ്പുകള്‍, ദുരന്തനിവാരണ മാര്‍ഗങ്ങള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, നിയമബോധവത്കരണം തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങള്‍ പൊലീസ് ഫെയ്സ്ബുക്കിലൂടെ നല്കുന്നു. ഫെയ്സ്ബുക്ക് പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അഞ്ച് പൊലീസുകാരാണ് പൊലീസിന്റെ സോഷ്യല്‍മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘത്തിലുള്ള പി.എസ്.സന്തോഷ്, വി.എസ്.ബിമല്‍, ബി.എസ്.ബിജു, കെ.ആര്. കമലാനന്ദ്, ബി.ടി.അരുണ്‍ എന്നിവര്‍ക്ക് ഡി.ജി.പി സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
കുറ്റകൃത്യങ്ങളെക്കുറിച്ചടക്കമുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പൊലീസിനും അറിയാന്‍ കഴിയുന്നുണ്ടെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. ഒന്നാമതെത്തിയതിന്റെ സന്തോഷം ട്രോളര്മാരുമായി കേക്ക് മുറിച്ചാണ് ഡി.ജി.പി പങ്കിട്ടത്.
ഇനി മുതൽ കേരളാപോലീസിനോടും ചാറ്റ് ചെയ്യാം
ഫോണിലൂടെ പൊലീസിനോട് ചാറ്റ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ ഉടന്‍ നിലവില്‍ വരും. ചോദ്യം ചോദിച്ചാല്‍ ഉടനടി മറുപടി ലഭിക്കുന്ന ചാറ്റ് ബോക്സാണ് സജ്ജമാവുന്നത്. ഇതിന്റെ ട്രയല്‍ നടക്കുകയാണ്. ട്വിറ്ററിലും പൊലീസ് കൂടുതല്‍ സജീവമാവും. സുരക്ഷാപിഴവുകള്‍ പരിഹരിച്ച് പൊലീസ് വെബ്സൈറ്റ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
https://www.facebook.com/keralapolice/videos/1752678648160950/
പ്രതികരിക്കാൻ ഇവിടെ എഴുതുക