മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി എട്ടിനും ഒന്‍പതിനും രാജ്യവ്യാപകമായി പൊതുപണിമുടക്ക് നടത്താന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളുടെയും സംയുക്ത കണ്വന്ഷന് തീരുമാനിച്ചു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഡല്‍ഹി മാവ്ലങ്കര് ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ തപന്‍ സെന്‍(സിഐടിയു), സഞ്ജീവ റെഡ്ഡി(ഐഎന്‍ടിയുസി), അമര്‍ജീത്കൗര്‍(എഐടിയുസി), ഹര്‍ബജന്‍സിങ് സിദ്ദു(എച്ച്എംഎസ്), സത്യവാന്(എഐയുടിയുസി), ജി ആര് ശിവ്ശങ്കര്(ടിയുസിസി), മണാലി ഷാ (സേവ), രാജീവ് ദിമ്രി(എഐസിസിടിയു), പെച്ചി മുത്തു(എല്‍പിഎഫ്), അശോക് ഘോഷ്(യുടിയുസി) എന്നിവര്‍ സംസാരിച്ചു.
മിനിമം വേതനം, സാര്‍വത്രിക സാമൂഹികസുരക്ഷ, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക എന്നിവയടക്കമുള്ള 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകള്‍ നല്കിയ അവകാശപത്രിക കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കാത്തതില്‍ കണ്വന്ഷന് കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. 44 കേന്ദ്ര തൊഴില്‍നിയമങ്ങള്‍ ഉപേക്ഷിക്കാനും തൊഴിലുടമകള്‍ക്ക് അനുകൂലമായി നാല് തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ കണ്വന്ഷന് ആശങ്ക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക