ആർത്തവം സ്ത്രീയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുകളുടെ കാലമാണ്. വയറു വേദനയും നടുവേദനയും മാനസിക പിരിമുറുക്കവുമൊക്കെയായി വിശ്രമം ആവശ്യപ്പെടുന്ന വേള. എന്നാൽ ഇങ്ങനെയുള്ള ആർത്തവ ദിനങ്ങളിൽ തന്നെ അടുത്ത ബന്ധുവിന്റെ കല്യാണമോ ഒരു ദീർഘ ദൂര യാത്രയോ ഒക്കെ വന്നാൽ സ്ത്രീകളിൽ പലരും ചെയ്യാറുള്ള കാര്യമാണ് ഹോർമോൺ ഗുളികകൾ കഴിച്ച് ഒന്നോ രണ്ടോ ദിവസത്തേക്ക് ആർത്തവം നീട്ടി വയ്ക്കുക എന്നുള്ളത്. എന്നാൽ ഇത്തരത്തിൽ ഗുളിക കഴിച്ച് ആർത്തവം നീട്ടിവയ്ക്കുന്നതിന് പിന്നിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളും നമ്മെ തേടിയിരിക്കുന്നുണ്ട്.
ഈസ്ട്രജൻ, പ്രൊജസ്ട്രോണ് എന്നീ ഹോർമോണുകൾ ചേർന്ന ഗുളികകളാണ് സാധാരണ നിലയിൽ ആർത്തവം നീട്ടിവയ്ക്കനായി ഉപയോഗിക്കുന്നത്. ഗർഭപാത്രത്തിലെ എൻഡോമെട്രിയത്തിന് കട്ടികൂട്ടി കൊണ്ടാണ് ഇത്തരം ഗുളികകൾ പ്രവർത്തിക്കുന്നത്. ഒരു കാരണവശാലും ഇത്തരം മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നോ മറ്റോ സ്വയം വാങ്ങിക്കഴിക്കരുത്. തീർത്തും ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ മാത്രമേ സ്ത്രീകൾ ഇത്തരം ഗുളികകൾ കഴിക്കാൻ പാടുള്ളൂ. ഉദാഹരണത്തിന് സ്വന്തം വിവാഹം പോലെയുള്ള ചടങ്ങുകൾക്ക്. അടിക്കടിയുള്ള ഇവയുടെ ഉപയോഗം സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവയ്ക്ക് വരെ കാരണമാകാം.
ആർത്തവം നീട്ടിവയ്ക്കാൻ ഗുളിക കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. ഒരിക്കൽ ഡോക്ടർ എഴുതി തന്ന കുറിപ്പടി ഉപയോഗിച്ച് പിന്നീടും പിന്നീടും ഇത്തരം മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. അടിക്കടി ഉപയോഗിക്കുന്നതും ഒഴിവാക്കുക.
മറ്റ് മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കുക. ഇല്ലെങ്കിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇടയ്ക്ക് ഗുളിക കഴിക്കാൻ മറന്നു പോയാൽ മറന്നു പോയതും കൂടി ചേർത്ത് അടുത്ത തവണ കഴിക്കരുത്. ആർത്തവം വരുമെന്നുറപ്പായാൽ ഗുളിക കഴിക്കുന്നത് നിർത്തുക.
ഇത്തരം ഗുളികകൾ ഒരു തരത്തിലും ഗര്ഭനിരോധനത്തിന് സഹായിക്കില്ല. ആ മിഥ്യാധാരണയോട് കൂടി ഇത് ഉപയോഗിക്കാതിരിക്കുക.
ആർത്തവത്തെ ഒരു ശാരീരിക പ്രക്രിയയായി മാത്രം കണ്ട് ആഘോഷങ്ങളിലും മറ്റും സന്തോഷത്തോടെ പങ്കെടുക്കുക എന്നുള്ളതാണ് പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക