രക്തസാക്ഷിദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കോലത്തിന് നേരെ നിറയൊഴിക്കുകയും, കത്തിക്കുകയും ചെയ്ത ഹിന്ദുമഹാ സഭയിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത്പേര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മനോജ് സൈനി, അഭിഷേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിയുടെ കോലം കത്തിച്ചത് മനോജ് ആയിരുന്നു.
വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും സര്‍ക്കിള്‍ ഓഫീസര്‍ നീരജ് കുമാര്‍ വ്യക്തമാക്കി. ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ഷാകൂര്‍ പാണ്ഡെ രാഷ്ട്രപിതാവിന്റെ കോലത്തിന് നേരെ നിറയൊഴിച്ച വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഗാന്ധിവധം ആഘോഷിക്കാനായി നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തില്‍ നിന്ന് അനുമതി തേടാതെയാണ് പ്രതികള്‍ പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക