ഹോണ്ടയുടെ സെഡാനായ സിറ്റിയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി ഹോണ്ട. സുരക്ഷാ വിഭാഗത്തിലെ പരിഷ്കാരങ്ങളുടെ പേരില്‍ കാറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ മേയ് 28 മുതല്‍ നിര്‍മിച്ച ‘സിറ്റി’ കാറുകളില്‍ പുതിയ സ്പീഡ് അലാം സംവിധാനം ഘടിപ്പിച്ചതാണു പ്രധാന പരിഷ്കാരം.
കാറിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ കടക്കുന്നതോടെ ആദ്യ ശബ്ദ സൂചന ലഭിക്കും. എന്നാല്‍ വേഗം 120 കിലോമീറ്ററിലേറെയാവുന്നതോടെ അലാം തുടര്‍ച്ചയായി ബീപ് ശബ്ദം പുറപ്പെടുവിക്കുന്നതായിരിക്കും. ഇതോടൊപ്പം മുന്‍ സീറ്റ് യാത്രികന് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്കുന്ന സംവിധാനവും ‘സിറ്റി’യില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടുത്ത ഒന്നിനു നിലവില്‍ വരുന്ന പരിഷ്കരിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണു ഹോണ്ട ‘സിറ്റി’യില്‍ ഈ മാറ്റങ്ങള്‍ നടപ്പാക്കിയത്. ഇതോടൊപ്പം ഡ്രൈവര്‍ക്ക് എയര്‍ബാഗും ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ‘സിറ്റി’യുടെ എല്ലാ വകഭേദങ്ങളിലും ഇരട്ട എയര്‍ബാഗും എ ബി എസും നേരത്തെ തന്നെ ലഭ്യമാണ്.
‘സിറ്റി’ക്കു കരുത്തേകുന്നത് 1.5 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനാണ്. 119 ബി എച്ച് പി കരുത്താണ് ഈ എന്ജിന് സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടെ എത്തുന്ന ഈ എന്ജിന് ലീറ്ററിന് 17.8 കിലോമീറ്ററാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
പ്രതികരിക്കാൻ ഇവിടെ എഴുതുക