കെവിൻ കൊലപാതകം; കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും

കോട്ടയം: കോളിളക്കം സൃഷ്ടിച്ച കെവിന്‍ കൊലപാതക കേസിന്റെ വിധി ഓഗസ്റ്റ് 14-ന് നടക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതിയ്‌ക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയായി.ഒന്നിച്ച് ജീവിക്കാനുള്ള 23 കാരന്‍റെ സ്വപ്നത്തെ കൊലക്കത്തിയില്‍ അവസാനിപ്പിക്കുകയായിരുന്നു നീനുവിന്‍റെ വീട്ടുകാര്‍.

വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് വധുവിന്‍റെ സഹോദരനും സംഘവും കെവിന്‍ പി ജോസഫിനെ കോട്ടയത്ത് നിന്നും തട്ടിക്കൊണ്ട് പോയത്. പരാതിയുമായി നീനു പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ദുരഭിമാന കൊലക്ക് ഇരയായത്. അതുവരെ ദുരഭിമാനകൊല ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും മാത്രമുള്ള ഒന്നാണെന്ന് വിശ്വസിച്ചിരുന്ന മലയാളി സമൂഹത്തെ കെവിന്റെ കൊലപാതകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കെവിനിന്റെയും നീനു പ്രണയ വിവാഹത്തിന്റെയും  പേരില്‍ നീനുവിന്റെ വീട്ടുകാര്‍ക്കുള്ള ജാതീയമായ എതിര്‍പ്പാണ് അരും കൊലയില്‍ കലാശിച്ചത്.

ദളിത്‌ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ട് പോകല്‍. നീനുവിന്റെ സഹോദരനും സംഘവും കെവിനെ തട്ടിക്കൊണ്ട് പോയതിനുശേഷം ദിവസങ്ങള്‍ കഴിഞ്ഞ് തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്റെ മൊഴിയായിരുന്നു കേസന്വേഷണത്തില്‍ വെളിച്ചമായത്.

പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള വിരോധം കൊലയില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ അന്ന് വ്യക്തമായിരുന്നു. നീനു പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ ജാഗ്രതയുണ്ടായില്ലെന്ന വിമര്‍ശനം ശക്തമായതോടെ സര്‍ക്കാര്‍ മറുപടി പറയാന്‍ ബാധ്യസ്ഥമായി.  മുഖ്യമന്ത്രി ജില്ലയിലുള്ളതു കൊണ്ട് സുരക്ഷ ചുമതലയുള്ളതിനാൽ മറ്റ് കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചെന്നാണ് നീനുവും കെവിന്റെ ബന്ധുക്കളും പറഞ്ഞത്. കെവിന്റെ ഭാര്യയുടെ പരാതിയിൽ നടപടി വൈകിപ്പിച്ച കോട്ടയം ​ഗാന്ധി ന​ഗർ സ്റ്റേഷനിലെ എസ് ഐ ഷിബുവിനേയും, എ എസ്.ഐ സണ്ണിയേയും സസ്പെൻഡ് ചെയ്തും കോട്ടയം എസ്പി അബ്ദുൾ റഫീഖിനെ സ്ഥലം മാറ്റിയുമായിരുന്നു സര്‍ക്കാര്‍ മുഖം രക്ഷിച്ചത്.

ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടി നിയ‌‌‌സിന്‍റെ പേര് കേസില്‍ ഉയര്‍ന്ന് കേട്ടതോടെ കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങളുമായി കളം നിറഞ്ഞു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളതുകൊണ്ടാണ് കെവിന്‍റെ ഭാര്യയുടെ പരാതി പരിഗണിക്കാത്തതെന്ന വാർത്തയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് പിണറായി കലിതുള്ളിയതായിരുന്നു പിന്നീട് കേരളം കണ്ടത്.

കെവിന്‍റേത് ജാതി കൊലയെന്ന് വ്യക്തമായതോടെ ദേശീയപട്ടിക ജാതി കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ചതെന്തുകൊണ്ടെന്ന് കാട്ടി ഡിജിപിയോട് ദേശീയ പട്ടിക ജാതി കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട്  ഇഷാന്‍, നിയാസ്, റിയാസ് എന്നിവര്‍ പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്‍റെ അച്ഛനും അമ്മയ്‌ക്കും പങ്കുണ്ടെന്ന സൂചനകളാണ് പിന്നീട് പുറത്തുവന്നത്. അറസ്റ്റിലായ നിയാസിന്‍റെ അമ്മയുടെ മൊഴിയാണ് ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടിയത്. കെവിന്‍റെ മരണത്തില്‍ 14 പേരെ പ്രതികളാക്കിയതായി പിന്നാലെ പൊലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനുവിന്‍റെ പിതാവ് ചാക്കോയും പ്രതിപട്ടികയില്‍ ഇടം നേടി.

ദിവസങ്ങള്‍ക്കിപ്പുറം കെവിൻ വധക്കേസിലെ പ്രധാന പ്രതികളായ വധുവിന്റെ സഹോദരൻ ഷാനു ചാക്കോയും അച്ഛൻ ചാക്കോയും കണ്ണൂരില്‍ പിടിയിലായി. ഇതിനിടെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എഎസ്ഐ ബിജു, ജീപ്പ് ഡ്രൈവർ അജയകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിലും പ്രതിഷേധവുമായി നിലയുറപ്പിച്ചു.  കെവിൻ വധക്കേസിലെ ഏഴാം പ്രതി ഷെഫിൻ  പൊലീസ് വാഹനത്തിലിരുന്ന് ബന്ധുവിനോട് വീഡിയോ കോളിൽ സംസാരിച്ചതും അതിന്‍മേല്‍ അന്വേഷണം പ്രഖ്യാപിച്ചതും കേരളമാകെ ചര്‍ച്ചായിരുന്നു.

കേരളത്തിന് ഏറെ പരിചിതമല്ലാത്ത ദുരഭിമാനക്കൊലയുടെ ഗണത്തിലാണ് കെവിന്റെ കൊലപാതകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് കെവിന്റെ കുടുംബത്തിന്റെ ആകെയുള്ള  പ്രതീക്ഷ.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News