സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാഴാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് ന്യൂനമർദ്ദവും ആന്ധ്രാ തീരത്ത് അന്തരീക്ഷ ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
ആന്ധ്രാതീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴി കേരളത്തിൽ ശക്തമായ മഴക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ കനത്ത മഴയിൽ മലപ്പുറം കരുവാരകുണ്ടിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. റോഡുകളും വെള്ളത്തിനടയിലായി. വനമേഖലയിലെ ശക്തമായ മഴ ചിങ്കക്കല്ല് പുഴയിലും കല്ലൻ പുഴയിലും മലവെള്ളപ്പാച്ചിലിനും ഇടയാക്കി.
തീരപ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഗുജറാത്ത് തീരത്ത് രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കൊടുങ്കാറ്റായി രൂപപ്പെടുകയാണ്. ഇത് ഒമാൻ തീരത്തേക്ക് നീങ്ങുന്നതിനാൽ കേരളത്തെ ബാധിക്കില്ല.
വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക