കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടനവേളയില്‍ സദസിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച അവതാരകയുടെ അനൗണ്‍സ്മെന്റ് മുഖ്യമന്ത്രി തടഞ്ഞു.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിശിഷ്ടാതിഥികളെ ക്ഷണിച്ച ശേഷം സദസിനോട് എഴുന്നേല്ക്കാന് അവതാരക അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.
വിളക്ക് കൊളുത്തുന്നതിനായി എഴുന്നേറ്റ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് അവതാരകയോട് ‘അനാവശ്യ അനൗണ്‍സ്മെന്റ് ഒന്നും വേണ്ട എന്ന് നിര്‍ദേശിച്ചു.’ ഇതോടെ അവതാരകയുടെ അഭ്യര്‍ത്ഥന മാനിച്ച് എഴുന്നേറ്റു നില്ക്കാന് തുടങ്ങിയ സദസ്യര്‍ ആകെ കുഴങ്ങി. ഇരിക്കണോ എഴുന്നേല്ക്കണോ എന്ന സന്ദേഹത്തില്‍ നിന്ന സദസ്സിനോട് മുഖ്യമന്ത്രി ഇരിക്കാന്‍ കയ്യാംഗ്യം കാട്ടി. തുടര്‍ന്നാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിന് ശേഷം പ്രസംഗിച്ച് മടങ്ങവെ മുഖ്യമന്ത്രിയെ അനുഗമിക്കാന്‍ ശ്രമിച്ച വിശിഷ്ടാതിഥികളെയും അദ്ദേഹം തടഞ്ഞു.
ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്, ക്രെഡായ് കേരള ചെയര്മാന് എസ് കൃഷ്ണകുമാര്‍, കെ-റെറ ചെയര്മാന് പി എച്ച് കുര്യന്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക