ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചക്ക് 12 മണിക്കാണ് ചടങ്ങ്. ആം ആദ്മി റിപ്പോർട്ട് കാർഡും ബി ജെ പി പ്രകടന പത്രികയും നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
വയോജനങ്ങൾക്കു 5000 രൂപ പെൻഷൻ ഉൾപ്പടെ ഉള്ള പദ്ധതികൾ പ്രകടന പത്രികയിൽ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ ‘ഡൽഹിയുടെ മനസ്സ് കോൺഗ്രസിനൊപ്പം’ എന്ന പരിപാടി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞു പ്രകടന പത്രിക തയ്യാറാക്കാലായിരുന്നു ലക്ഷ്യം.
അതേസമയം ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വേണ്ടി വോട്ട് തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തി. മലയാളികൾ കൂടുതൽ ഉള്ള മണ്ഡലങ്ങളിൽ ആണ് പ്രചാരണം നടത്തുന്നത്. ഷീല ദീക്ഷിത് സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ് മുഖ്യ പ്രചാരണ വിഷയം.
നിയമ സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചെന്നിത്തലയുടെ ഈ പ്രചരണം. മലയാളി വോട്ട് നിർണായകമായ മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കി വോട്ട് പിടിക്കാനാണ് ശ്രമം. കേന്ദ്ര സർക്കാരിനെതിരെയും കെജ്രിവാൾ സർക്കാരിനെതിരെയും ആഞ്ഞടിച്ചാണ് ചെന്നിത്തല പ്രസംഗം നടത്തിയത്.
ഡൽഹി വികസനത്തിന് തുടക്കം കുറിച്ച ഷീല ദീക്ഷിത് സർക്കാരിന്റെ നേട്ടങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഗുണം ചെയിമെന്ന ആത്മവിശാസത്തിൽ ആണ് കോൺഗ്രസ് നേതാക്കൾ. വരും ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള മുൻനിര നേതാക്കൾ ഡൽഹിയിൽ ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക