ന്യൂഡൽഹി: തിരഞ്ഞെടുപ്പുദിനത്തിൽ സ്വന്തം മണ്ഡലത്തിലെ പോളിങ് ബൂത്തിൽ പോകാതെ തന്നെ വോട്ട് രേഖപ്പെടുത്താൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരഞ്ഞെടുപ്പു കമ്മിഷൻ പുതിയ സംവിധാനം വികസിപ്പിക്കുന്നു.
മറ്റു നഗരങ്ങളിൽ ഒരുക്കുന്ന പ്രത്യേക ഓൺലൈൻ വോട്ടിങ് കേന്ദ്രങ്ങളിൽ വോട്ടർമാർക്കു സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന സംവിധാനം ഐഐടി മദ്രാസിലെ ഗവേഷകരാണു വികസിപ്പിക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
സർവീസ് വോട്ടുകൾ ഇലക്ട്രോണിക് ആയി രേഖപ്പെടുത്താനുള്ള ഇടിപിബിഎസ് സംവിധാനത്തിൽ നിന്നു വ്യത്യസ്തമായി ബ്ലോക്ക്ചെയിനിൽ പ്രവർത്തിക്കുന്ന ടുവേ സംവിധാനമാണു പുതിയ സംവിധാനത്തിൽ പരീക്ഷിക്കുന്നതെന്നു ഡപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ സന്ദീപ് സക്സേന പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾക്ക് അവർ ജോലി ചെയ്യുന്ന നഗരത്തിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്നതാണു സംവിധാനം.
പ്രവർത്തനം ഇങ്ങനെ
∙ സ്വന്തം മണ്ഡലത്തിലെ വോട്ട് മറ്റൊരു നഗരത്തിൽ നിന്നു ചെയ്യണമെങ്കിൽ വോട്ടർ മുൻകൂട്ടി അപേക്ഷ നൽകണം.
∙ സ്വന്തം മണ്ഡലത്തിലെ വോട്ട്, വോട്ടർ നിലവിൽ താമസിക്കുന്ന നഗരത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കുന്ന കേന്ദ്രത്തിൽ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകുന്നു.
∙ നിശ്ചിത ദിവസം നിശ്ചിത സമയത്ത് എത്തി വോട്ടർക്ക് പ്രത്യേക വോട്ടിങ് കേന്ദ്രത്തിൽനിന്ന് സ്വന്തം മണ്ഡലത്തിലെ സ്ഥാനാർഥിക്കു വോട്ട് ചെയ്യാം.
സാങ്കേതികവിദ്യ
∙ വോട്ടറെ തിരിച്ചറിയുന്നത് വെബ് ക്യാമറകളും ബയോമെട്രിക് സംവിധാനവുമടങ്ങിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ ‘ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ നെറ്റ്വർക്ക്’.
∙ രേഖപ്പെടുത്തുന്ന വോട്ട് ബ്ലോക്ക്ചെയിൻ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുന്നു. വോട്ടിന്റെ എൻക്രിപ്റ്റഡ് ടോക്കൺ സൃഷ്ടിക്കപ്പെടുന്നു.
∙ വോട്ടെണ്ണലിനു മുൻപ് ഈ ടോക്കൺ പരിശോധിച്ച്, വോട്ട് എൻക്രിപ്റ്റ് ചെയ്ത നിലയിൽ തന്നെയാണെന്ന് ഉറപ്പു വരുത്തും. ബ്ലോക്ക്ചെയിൻ ടോക്കൺ ഉപയോഗിച്ച് വോട്ടുകൾ ഡിക്രിപ്റ്റ് ചെയ്ത് എണ്ണിത്തിട്ടപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക