ന്യൂഡൽഹി: ഡൽഹിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നീക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിയെ കണ്ടു. സംഘർഷഭരിതമായ ഡൽഹിയിൽ സമാധാനം കൊണ്ടുവരാൻ ഇടപെടണമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ടു ധരിപ്പിച്ചു.
മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്, മുതിർന്ന നേതാവ് എ.കെ. ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ് സുർജേവാല തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നീക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടതായി സോണിയ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു.
നാലു ദിവസം ഡൽഹിയിൽ നടന്നത് വലിയതോതിൽ ആശങ്കയുളവാക്കുന്ന കാര്യമാണ്, 34 പേർ മരിച്ചത് ദേശീയ അപമാനമാണെന്നും കേന്ദ്രസർക്കാരിന്റെ പരാജയത്തെയാണ് അതു കാണിക്കുന്നതെന്നും രാഷ്ട്രപതിയെ അറിയിച്ചതായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക