രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 660 ആയി. 13 പേർ രോഗം ബാധിച്ചു മരിച്ചെന്നു ആരോഗ്യ മന്ത്രാലയം. അതേ സമയം മഹാരാഷ്ട്ര അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ സമൂഹ വ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ്.
ജമ്മുകശ്മീരിൽ കോവിഡ് 19 മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. ഹൈദർപോര സ്വദേശിയായ 65 വയസുകാരൻ ആണ് മരിച്ചത്. ഇയാളുമായി അടുത്തിടപഴകിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഭാവ് നഗറിൽ 70 വയസ്സുകാരനും രോഗം ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിൽ ചികിത്സയിലിരുന്ന 65 കാരി മരിച്ചു. എന്നാൽ മരണ കാരണം കോവിഡ് 19 തന്നെയാണോ എന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ഡൽഹിയിൽ മൊഹല്ല ക്ലിനിക് ഡോക്ടർക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിലെ മോജ്പ്പുരിലെ മൊഹല്ല ക്ലിനികിൽ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് രോഗം. മാർച്ച് 12 മുതൽ 18 വരെ ക്ലിനിക്കിൽ എത്തിയ 800 പേരെ നിരീക്ഷണത്തിൽ ആക്കി എന്ന് സർക്കാർ വ്യക്തമാക്കി.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ് നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ സമൂഹ വ്യാപന സാധ്യത ഭയക്കുന്നുണ്ട്. മുംബൈയിലെ ചേരികളിൽ നിന്ന് 2 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക