റംസാന് വ്രതവും പ്രമേഹ രോഗികളും റംസാന് ഇസ്ലാമില്‍ വ്രതാനുഷ്ഠാനത്തിന്റെ മാസമാണ്. റംസാന് മാനസികമായും ശാരീരികമായും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാനുള്ള മാര്‍ഗമാണ്. റംസാന് വ്രതത്തില്‍ വളരെ ക്രമീകരിച്ചിട്ടുള്ള ആഹാരരീതിയാണ് അനുഷ്ഠിക്കേണ്ടത്. നോന്പുമുറിച്ചശേഷം ധാരാളം പച്ചക്കറികള്‍, ഇലവര്ഗങ്ങള്, നാരുള്ള ആഹാരങ്ങള്‍, ധാരാളം വെള്ളം എന്നിവ കഴിക്കണം.
റംസാന് വ്രതം അനുഷ്ഠിക്കുന്ന രോഗിക്ക് ഡോക്ടര്‍ മറ്റ് അപകട പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പ്രോത്സാഹനം നല്‍കണം. പ്രമേഹമുള്ള രോഗികള്‍ വ്രതം എടുക്കാന്‍ സാധിക്കുന്നതിനെക്കുറിച്ച് വ്രതം തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പുതന്നെ ഡോക്ടറുമായി വിശദമായി സംസാരിക്കുകയും രക്തപരിശോധനകള്‍ നടത്തി അതിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മരുന്നുകളിലും ഇന്‍സുലിനിലും വരുത്തേണ്ട മാറ്റങ്ങള്‍ ഡോക്ടറുമായി വിശദമായി സംസാരിക്കണം. എന്നാല്‍, വ്രതം ചെയ്യാന്‍ പാടില്ലാത്ത വ്യക്തിയെ അതിന്റെ ഭവിഷത്തുകള്‍ പറഞ്ഞു മനസിലാക്കിക്കണം.
ആര്‍ക്ക് വ്രതം അനുഷ്ഠിക്കാന്‍ പാടില്ല ?
ആരോഗ്യമില്ലാത്തവര്‍, മാസമുറ സമയത്ത് സ്ത്രീകള്‍, പ്രസവസമയത്തും മുലപ്പാല്‍ കൊടുക്കുന്ന സമയത്തുള്ള സ്ത്രീകള്‍, പ്രായപൂര്‍ത്തിയാവാത്തവര്‍, ആരോഗ്യകുറവുള്ള കുട്ടികള്‍, പ്രായാധ്യകം മൂലം ആരോഗ്യമില്ലാത്തവര്‍.
പ്രമേഹ രോഗികള്‍ ജീവിതരീതിയില്‍ വരുത്തേണ്ട വ്യത്യാസം
പ്രമേഹ രോഗികള്‍ നോന്പു മുറിച്ചശേഷം നല്ല പോഷക ഗുണമുള്ള ആഹാരം കഴിക്കണം. വ്രതം തുടങ്ങുന്നതിനു മുന്‍പ് അധികം എണ്ണയില്ലാത്ത കലോറി കുറഞ്ഞ ആഹാരം കഴിക്കാം. നോന്പു മുറിക്കുന്ന സമയത്തും അതു കഴിഞ്ഞും ആഹാരം രണ്ടു മൂന്ന് തവണയായി കഴിക്കണം. നാരില്ലാത്ത കാര്‍ബോ ഹൈഡ്രേറ്റ് ആഹാരങ്ങള്‍ ഒഴിവാക്കണം.
വ്യായാമ സമയങ്ങളില്‍ മാറ്റം വരുത്തണം. തീവ്രമായ വ്യായാമ മുറകള്‍ പാടില്ല. ഇഫ്ത്താര്‍ ആഹാരത്തിന് മുന്‍പ് വ്യായാമം പാടില്ല. നോന്പുതുറ സമയത്തും അത്താഴ സമയത്തും ധാരാളം വെള്ളം കുടിക്കണം. രണ്ട് സമയത്തും ധാരാളം പച്ചക്കറികള്‍ ജല വര്‍ഗങ്ങള്‍, നാരുള്ള ആഹാരം എന്നിവ കഴിക്കണം.
ഏതെല്ലാം രോഗികള്‍ റംസാന് വ്രതം അനുഷ്ഠിക്കരുത്?
ടൈപ്പ്-1 ഇന്‍സുലിന്‍ ആശ്രിത പ്രമേഹ രോഗികള്‍, സ്ഥായിയായ വൃക്ക സ്തംഭനം സംഭവിച്ച രോഗികള്‍, വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് അവസാനഘട്ടം എത്തിയവരും വൃക്കമാറ്റിവച്ച രോഗികളും വൃക്കയില്‍ കല്ലിന്റെ അസുഖമുള്ളവര്‍, പ്രമേഹം പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥ-ഹൈപ്പോ ഗ്ലൈഡീമിയ ഉണ്ടാകുന്ന രോഗികള്‍, വളരെ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, അതീവ ഗുരുതര ഹൃദയസ്തംഭനവും ശ്വാസകോശ രോഗവുമുള്ളവര്‍, ആമാശയത്തില്‍ അള്‍സര്‍ ഉള്ളവര്‍, രക്തം ഛര്‍ദിക്കുന്ന അസുഖം ഉള്ളവര്‍, അപസ്മാരത്തിന്റെ അസുഖമുള്ളവര്‍.
പ്രമേഹ രോഗികള്‍ കഴിക്കുന്ന മരുന്നുകളില്‍ വരുത്തേണ്ട വ്യത്യാസം സംബന്ധിച്ച സംശയങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത് പരിഹരിക്കണം.
ടൈപ്പ്-1 പ്രമേഹ രോഗിയും റംസാാന് വ്രതവും
ടൈപ്പ്-1 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ആശ്രിത പ്രമേഹമായതിനാല് ഇവര്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ എടുക്കേണ്ടതാണ്. ഇവര്‍ക്ക് യഥാസമയം ആഹാരം കഴിക്കുകയും ഇന്‍സുലിന്‍ എടുക്കേണ്ടതുമാണ്. അതല്ലാത്ത പക്ഷം പഞ്ചസാര വളരെ കുറഞ്ഞുപോകാം.
അതുപോലെ പ്രമേഹം പെട്ടെന്ന് അനിയന്ത്രിതമായി പെട്ടെന്ന് അണുബാധയുണ്ടാക്കി മരണത്തിനു തന്നെ കാരണമാകും. അതിനാല്‍ വ്രതം അനുഷ്ഠിക്കുന്നതില്‍ നിന്നും ഇവരെ നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്.
വ്രതം എടുക്കുകയാണെങ്കില്‍ ഇവരുടെ പഞ്ചസാരയുടെ അളവ് 80-ല്‍ താഴെപ്പോകുകയോ 400-ല്‍ കൂടുതലാവുകയോ ചെയ്താല്‍ വ്രതം നിര്‍ത്തുകതന്നെ ചെയ്യണം.
റംസാന് വ്രതത്തിലുള്ള ആഹാരനിയന്ത്രണം
റംസാന് മാസത്തില്‍ നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ ശരീരത്തില്‍ ജലാംശം ഇല്ലാതാവുകയും അത് രോഗിയെ അപകടാവസ്ഥയിലാക്കുകയും ചെയ്യും.
അതിനാല്‍ നോന്പു മുറിച്ച ശേഷം ധാരാളം വെള്ളം (3-3.5 ലിറ്റര്‍) കുടിക്കണം. അല്ലെങ്കില്‍ മൂത്രത്തില്കല്ല്, മൂത്രാശയ രോഗങ്ങള്‍, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ വരാന്‍ സാധ്യത കൂടുതലാണ്. ഭക്ഷണത്തില്‍ അധികം പ്രോട്ടീന്‍ ഒഴിവാക്കണം. ബീഫ്, മട്ടന്‍ എന്നിവ ഒഴിവാക്കണം. ഈ ആഹാരങ്ങള്‍ യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും ചൂട് നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പ്രമേഹരോഗികള്‍ പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍, കരിപ്പെട്ടി, ജാം, കപ്പ, ഉണക്കകപ്പ, പഴച്ചാറുകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, കോളാ പാനീയങ്ങള്‍, ഐസ്ക്രീം തുടങ്ങിയവ ഒഴിവാക്കണം. കൂടുതല്‍ വണ്ണമുള്ള പ്രമേഹരോഗികള്‍ ഏത്തപ്പഴം, ഉണക്കപ്പഴം, ചക്കപ്പഴം, പഴച്ചാറുകള്‍, സപ്പോട്ട, മാന്പഴം തുടങ്ങിയവയും അമിതമായ കൊഴുപ്പും ഒഴിവാക്കണം.
അമിതമായ പാല് ഉപയോഗം ഒഴിവാക്കണം. അമിത കൊഴുപ്പ് അടങ്ങിയ നെയ്യ്, വെണ്ണ, വെളിച്ചെണ്ണ, വനസ്പതി, മൃഗങ്ങളുടെ കൊഴുപ്പ്, മുട്ടയുടെ മഞ്ഞക്കരു എന്നിവയും ഒഴിവാക്കണം.
ആമാശയരോഗങ്ങള്‍ റംസാന് നോന്പ് സമയത്ത് കൂടുതലാകാന്‍ സാധ്യതയുണ്ട്. സമയാസമയമുള്ള ആഹാരം ഇല്ലാത്തതുകൊണ്ട് നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, അള്‍സര്‍ രോഗങ്ങള്‍, ഹയാറ്റസ് ഹെര്‍ണിയ രോഗങ്ങള്‍ തുടങ്ങിയവ റംസാന് ഫാസ്റ്റിംഗ് സമയത്ത് കൂടുതലാകും.
ആഹാരത്തില്‍ എരിവുള്ളവ കോഫി, കാര്‍ബണൈറ്റ്, കൂള്‍ ഡ്രിംഗ്സ് തുടങ്ങിയവ ഒഴിവാക്കണം. ഓറഞ്ച് ജ്യൂസ്, മുന്തിരി ജ്യൂസ്, നാരങ്ങാവെള്ളം എന്നിവയില്‍ കൂടുതല്‍ പൊട്ടാഷും മഗ്നീഷ്യവും അടങ്ങിയതാണ്. പക്ഷേ അള്‍സര്‍ രോഗികള്‍ ഇവ ഒഴിവാക്കണം. വ്രതം തുടങ്ങുന്നതിനു മുന്‍പ് വളരെയധികം ആഹാരം കുറച്ച് സമയംകൊണ്ട് കഴിക്കുന്നത് ദഹനക്കുറവിനും ഒരുപാട് ഗ്യാസ് പോകുന്നതിനും കാരണമാ കാറുണ്ട്.
ആഹാരം അളവില്‍ കുറച്ച് പലതവണയായി കഴിക്കണം. ആഹാരം കഴിച്ച് രണ്ടുമണിക്കൂറിനു ശേഷം ഉറങ്ങുകയും തലഭാഗം കൂടുതല്‍ പൊക്കിവയ്ക്കുന്നതും ഗ്യാസ് കൂടാതിരിക്കാന്‍ സാധിക്കും.
രോഗികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
ശരിയായ ആഹാരക്രമവും ജീവിതരീതിയില്‍ മാറ്റം വരുത്തണം. തൂക്കം കുറയ്ക്കുക, ആവശ്യത്തിനുള്ള വ്യായാമം ദിവസവും ചെയ്യുക, കൈവീശിയുള്ള നടത്തമാണ് ഏറ്റവും
നല്ലത്.
കൂടിയ പ്രമേഹം, രക്തസമ്മര്‍ദം, കൊഴുപ്പ് എന്നിവ നിയന്ത്രിച്ചു നിര്‍ത്തുക. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി പുകവലി ശീലമാക്കിയവര്‍ക്കും മദ്യപാനികള്‍ക്കും ഈ ദുശീലങ്ങള്‍ നിര്‍ത്താനുള്ള അവസരമാണ്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വൃക്ക, കണ്ണ്, ഹൃദയം, തലച്ചോറ്, നാഡികള്‍, രക്തക്കുഴലുകള്‍, കാലുകള്‍ എന്നിവ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ബാധിച്ച് പൂര്ണസ്തംഭനത്തിലാകാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക