കൊവിഡ് കാലത്ത് ഐസ്ക്രിം കഴിച്ചാൽ കുഴപ്പമുണ്ടോ? തണുപ്പുള്ള ആഹാരം കൊവിഡ് ശക്തമാകാൻ കാരണമാകുമോ? സാമൂഹ്യമാധ്യമങ്ങളിൽ കണ്ട ചില സംശയങ്ങളാണ്. ജനങ്ങൾ വിശ്വസിക്കുന്നതിന് സഹായിക്കുന്ന തരം അവതരണവും മറ്റും ഇത്തരം സാമൂഹ്യ മാധ്യമ പോസ്റ്റുകൾ അതിവേഗം വൈറലാകാൻ ഇടയാക്കാറുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് സർക്കാർ ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്കൗണ്ടിലൂടെ.’ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പ്രകാരം ഇത്തരം വാദങ്ങൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല.’ ട്വീറ്റിൽ പറയുന്നു.
സൂപ്പിൽ കുരുമുളക് പൊടി വിതറി കഴിച്ചാൽ കൊവിഡ് പടരില്ലെന്നായിരുന്നു മറ്റൊരു തെറ്റായ പ്രചാരണം. ഈച്ചയിലൂടെ കൊവിഡ് പകരുന്നു എന്നത് മറ്റൊന്ന്. ചൂടുവെള്ളത്തിൽ കുളിച്ചാൽ കൊവിഡ് രോഗാണു നശിക്കും എന്നുമുണ്ട് പ്രചാരണം. തെറ്റിദ്ധാരണ പരത്തുന്നതും അബദ്ധ ജടിലവുമായ ഇത്തരം വിവരങ്ങളുടെ മുനയൊടിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ ‘മിത്ത് ബസ്റ്റേഴ്സ്’ എന്ന പേജ്. ഇവ വഴി ശരിയായ ബോധവൽക്കരണം കൊവിഡിനെതിരെ സാധ്യമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക