കരീബിയൻ ക്രിക്കറ്റിനെ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഉന്നതികളിലേക്കെത്തിച്ച ഇതിഹാസ താരം ബ്രയൻ ചാൾസ് ലാറയ്ക്ക് ജൻമദിനം നേർന്ന് ഐസിസിയും ക്രിക്കറ്റ് ലോകവും. 1990 ഡിസംബറിൽ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ പേരിൽ എഴുതി തീർത്ത റെക്കോർഡുകൾ നിരവധി. 2007 ഏപ്രിൽ 21 ന് ഇംഗ്ലണ്ടിനെതിരെ തന്റെ അവസാന ഏകദിനം കളിക്കുന്നമ്പോൾ അവസാനമായത് കരീബിയൻ ക്രിക്കറ്റിലെ ഒരു യുഗാന്ത്യം തന്നെയായിരുന്നു.
17 വർഷത്തോളം ചടുലമായ ഫൂട്ട് വർക്കുകളും കൂറ്റൻ അടികളും കൊണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹം ടെസ്റ്റിൽ 131 മാച്ചുകളിൽ നിന്നായി 52.88 ആവറേജിൽ 11953 റൺസും 299 ഏകദിനങ്ങളിൽ നിന്ന് 40.48 ആവറേജിൽ 10405 റൺസും നേടിയിട്ടുണ്ട്. ഇതിൽ 2004 ൽ ഇംഗ്ലണ്ടിനെതിരെ ആന്റിഗ്വയിൽ നടന്ന ടെസ്റ്റിൽ നേടിയ ഏറ്റവും ഉയർന്ന സ്കോറായ 400 നോട്ടൗട്ട് ഇന്നും ഈ കാലത്തും ആർക്കും മറികടക്കാനാവാത്ത റെക്കോർഡായി നിലനിൽക്കുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 1994ൽ അദ്ദേഹം നേടിയ ഒരിന്നിങ്സിലെ 501 റൺസും ഇന്നും തിരുത്തപ്പെടാതെ നിലനിൽക്കുന്നു.
ആധുനിക കാലഘട്ടത്തിലെ ക്രിക്കറ്റിനെ വിലയിരുത്തുമ്പോൾ ബ്രയാൻ ചാൾസ് ലാറ എന്ന പേര് ഇല്ലാതെ ഒരടി പോലും മുന്നോട്ട് പോവാൻ കഴിയില്ല. ഒരു കാലത്ത് എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടെലിവിഷനു മുൻപിൽ നിന്ന് വിട്ടുപോവാതെ ഇരിപ്പുറപ്പിച്ചതിൽ സ്വാഭാവിക സ്ട്രോക് പ്ലേയുമായി ലാറ എന്ന ഇടംകൈയ്യൻ ബാറ്റ്സ്മാനുമുണ്ടായിരുന്നു.
ട്രിനിഡാഡിലെ സാന്ത ക്രൂസിൽ 11 കുട്ടികളുള്ള ഒരു കുടുംബത്തിലെ പത്താമനായിട്ടായിരുന്നു ലാറയുടെ ജനനം. പതിനാലാമത്തെ വയസിൽ തന്നെ സ്കൂൾ മൽസരങ്ങളിൽ 126.16 ശരാശരിയോടെ 745 റൺസ് നേടി ടോപ്പറായി. 1988-ൽ, ലീറാർഡ് ദ്വീപിന് എതിരെ ട്രിനിഡാഡിന് വേണ്ടി ലാറ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു, തന്റെ രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ തന്നെ ലാറ, ഗാർണറും മാൽക്കം മാർഷലും അടങ്ങുന്ന ബാർബഡോസ് ആക്രമണത്തിനെതിരെ സാഹസികമായി ബാറ്റ് ചെയ്ത നേടിയത് 92 റൺസ്!
1993 ൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ, ഓസ്ട്രേലിയയ്ക്കെതിരെ നേടിയ മനോഹരമായ 277 റൺസോടെ ലാറയെ കളിയെഴുത്തുകാർ ഗാരി സോബേഴ്സുമായി ഉപമിച്ചു തുടങ്ങി. അതിനു ശേഷം പല ക്രിക്കറ്റ് ഗ്രൗണ്ടുകളിലും പുതിയ ഗാരി വന്നു എന്ന തരത്തിലുള്ള ഫ്ലക്സുകളും പ്രത്യക്ഷപെട്ടു തുടങ്ങി. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ലാറയുടെ ബാറ്റിന്റെ വീരകഥകൾ പാടിനടന്നുതുടങ്ങി. അപ്പോഴേക്കും ലാറ ക്രിക്കറ്റിന്റെ ഒരു ആഗോള ബ്രാൻഡായി മാറിക്കഴിഞ്ഞിരുന്നു.
ലാറയുടെ കരിയർ നമുക്ക് ഇങ്ങനെ വായിക്കാം.
1990-2007 കാലയളവിൽ 430 അന്താരാഷ്ട്ര മത്സരങ്ങൾ.
22,358 റൺസ്.
53 സെഞ്ചുറികൾ.
111 അർധസെഞ്ചുറികൾ.
284 ക്യാച്ചുകൾ.
ടെസ്റ്റ് ക്രിക്കറ്റിലെ ഏക ക്വാഡ്രപ്പിൾ സെഞ്ചുറി നേടിയ താരം (400 നോട്ട് ഔട്ട്)
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ(501 നോട്ട് ഔട്ട്)
ടെസ്റ്റ് ക്രിക്കറ്റിലെ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാൾ(28 റൺസ്)
ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറികൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനം (9 എണ്ണം)
ടെസ്റ്റ് ക്രിക്കറ്റിലെ ഒറ്റ സെഷനിൽ സെഞ്ചുറി നേടിയ താരങ്ങളിലൊരാൾ.
ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ ഡബിൾ സെഞ്ചുറിയും നേടിയ താരങ്ങളിലൊരാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക