കോട്ടയം: തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്ന് കേരളത്തിലെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറന്റൈനിൽ പോയിട്ടില്ലെന്ന് റിപ്പോർട്ട്. റെഡ് സോൺ ജില്ലയായ തിരുവളളൂരിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എത്തിയ വിദ്യാർത്ഥികളാണ് സർക്കാർ നിർദേശം പാലിക്കാതിരുന്നത്. ഇതിനെ തുടർന്ന് ഇവരെ കണ്ടെത്താനുളള ശ്രമം ആരോഗ്യപ്രവർത്തകർ ആരംഭിച്ചു.
സർക്കാർ ക്വാറന്റൈൻ നിർദേശിച്ചാണ് 117 പേരെ കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നി ജില്ലകളിലേക്കായി പറഞ്ഞുവിട്ടത്. എന്നാൽ വിദ്യാർത്ഥികൾ ഇത് പാലിച്ചില്ലെന്ന് വാളയാർ ചെക്ക് പോസ്റ്റിലെ ദേശീയ ആരോഗ്യമിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനെജർ ഡോ. രചന ചിദംബരം പറഞ്ഞു. തമിഴ്നാട്ടിലെ തിരുവളളൂർ ജില്ലയിൽ ഇന്നലെ മാത്രം 75 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ആകെ രോഗികളുടെ എണ്ണം 270 ആണ്.
കോട്ടയം അടക്കമുളള ജില്ലകളിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ ശ്രമങ്ങൾ തുടങ്ങി. ഇവരെ ബന്ധപ്പെട്ട നാലുപേരെ പാമ്പാടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക