തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള കൂട്ട വിരമിക്കലിന് ഇന്ന് വേദിയാകുന്നു. ലോക്ക് ഡൗണായതിനാല്‍ യാത്ര അയപ്പ് ചടങ്ങുകളൊന്നുമില്ലാതെയാണ് അവര്‍ സര്‍വീസിന് ബൈ പറയുന്നത്. ഇത്രയും പേര് ഒരുമിച്ച് വിരമിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. ഇന്ന് ഞായര്‍ കൂടിയായതോടെ ഓഫീസുകളില്‍ വരാതെ അവസാന ദിവസം വീടുകളില്‍ തന്നെ വിരമിക്കലാവുകയാണ്.
യാത്ര അയപ്പും യാത്ര പറയലും ഫോട്ടോ എടുപ്പും വീടുകളില്‍ കൊണ്ടാക്കുന്ന പതിവ് ആചാരങ്ങളുമില്ലാതെ തികച്ചും നിശബ്ദമായി അവര്‍ പിരിയുകയാണ്. സര്‍വീസില്‍ കയറിയ ദിനങ്ങള്‍ എത്രപെട്ടെന്നാണ് കടന്നുപോയതെന്ന് ഓര്‍മ്മിച്ചുകൊണ്ട് ഇന്നലെ ഓഫീസുകളിലെ അവസാന നിമിഷങ്ങള്‍ അവര്‍ പങ്കുവച്ചു. മുപ്പതും മുപ്പത്തിയഞ്ച് വര്‍ഷവും അതിന് താഴെയും മുകളിലും സര്‍വീസുള്ളവരാണ് വിരമിക്കുന്നത്. പലര്‍ക്കും ഓര്‍ക്കാന്‍ ഒളിമങ്ങാത്ത അനുഭവങ്ങള്‍ ഒത്തിരിയാണ്. അത് സന്തോഷമായും സങ്കടമായും സൂക്ഷിച്ചുകൊണ്ടാണ് വിരമിക്കല്‍.
10,919 ജീവനക്കാരാണ് ഇന്ന് സര്‍ക്കാര്‍ സര്‍വീസിന്റെ പടിയിറങ്ങുന്നത്. സെക്രട്ടേറിയറ്റില്‍ നിന്നും നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നുമായി 122 പേരാണ് വിരമിക്കുന്നത്. ഇതില്‍ പൊതുഭരണ വകുപ്പില്‍ നിന്ന് 84 പേരും, ധനവകുപ്പില്‍ നിന്ന് 11പേരും നിയമവകുപ്പില്‍ നിന്ന് 9 പേരും , നിയമസഭയില്‍ നിന്ന് 18 പേരുമാണ് വിരമിക്കുന്നത്.
ഇതില്‍11 ഐ.പി.എസുകാരും 18 മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടും. ഡിജിപിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനുമായ ജേക്കബ് തോമസ്, ഡി.ജി.പിയും ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറലുമായ എ.ഹേമചന്ദ്രന്, പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ എ. വിജയന്, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.പി.വിജയകുമാരന്‍, അഡീഷണല്‍ എക്സൈസ് കമ്മിഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, കണ്‍സ്യൂമര്‍ ഫെഡ് എംഡി വി എം.മുഹമ്മദ് റഫീക്ക്, സ്പെഷല്‍ ബ്രാഞ്ച് എ. സ്. പിമാരായ കെ.എം ആന്റണി, ജെ.സുകുമാര പിള്ള, ഭീകരവിരുദ്ധ സേന എസ്പി കെ..ബി.വേണഗോപാല്‍, എസ്.എ.പി കമന്‍ഡാന്റ് കെ.എസ്.വിമല്‍, ആലപ്പുഴ എസ് പി ജയിംസ് ജോസഫ് എന്നിവരും ക്രൈംബ്രാഞ്ച് എസ് പി എന്‍. അബ്ദുല്‍ റഷീദ്, കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി.രവി, പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ റെജി ജേക്കബ്, മനുഷ്യാവകാശ കമ്മിഷന് എസ് പി വി എം.സന്ദീപ്, കെ.എസ്.ഇ.ബി വിജിലന്‍സ് ഓഫിസര്‍ ആര്. സുനീഷ് കുമാര്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് കമന്‍ഡാന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എ.ആര് കമന്‍ഡാന്റ് പി.ബി.സരേഷ് കുമാര്‍,തുടങ്ങിയവര്‍ എന്നിവര്‍ ഇന്നു വിരമിക്കുന്നവരില്പ്പെടും. കെ.എസ്.ഇ.ബിയില്‍ 2 ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 718 പേര് ഇന്നു വിരമിക്കുകയാണ്. കഴിഞ്ഞ മാസം 2757 പേരും മാര്‍ച്ചില്‍ 5327 പേരും വിരമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക