മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ വെള്ളിത്തിരയിലെത്തുന്നുവെന്ന വാർത്ത മുൻപുതന്നെ വന്നിരുന്നു. എന്നാൽ ഇപ്പോൾ അതേ സംബന്ധിച്ച് മറ്റൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററിയിൽ ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും വേഷമിടുന്നു എന്നതാണ് പുതിയ വാർത്ത. നമ്പി നാരായണനായി വേഷമിടുന്നത് ആർ മാധവൻ ആണ്. ആർ മാധവനും പ്രജേഷ് സെന്നും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വർഗീസ് മൂലനാണ്. കോവിഡ് ലോക്ക് ഡൗണിന് ശേഷം ചിത്രത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഈ ചിത്രം കൂടാതെ അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും ഷാരൂഖ് ഖാൻ വേഷമിടുന്നുണ്ട്.
ഹിന്ദിയിലും തമിഴിലും, ഇംഗ്ലിഷിലുമായി ഒരേസമയം ചിത്രം ഒരുങ്ങും. ഹിന്ദി പതിപ്പിൽ ഷാരുഖ് ഖാൻ കൈകാര്യം ചെയ്യുന്ന വേഷം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് റിപ്പോർട്ട്. ഹിന്ദിയിലെ ഷാരുഖിന്റെ വേഷം തമിഴ് പതിപ്പിൽ കൈകാര്യം ചെയ്യുന്നത് സൂര്യ ആണ്. സുപ്രധാന വേഷമാണിതെന്നാണ് സിനിമ വൃത്തങ്ങൾ അറിയിക്കുന്നത്. ഭക്ഷ്യോത്പന്ന നിർമാണ വിതരണ രംഗത്ത് സജീവമായ വർഗീസ് മൂലൻ, വിജയ് മൂലൻ, സരിതാ മാധവൻഎന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രൈ കളർ ഫിലിംസ്, വർഗീസ് മൂലൻ പിക്ചേഴ്സ്, വിജയ് മൂലൻ ടാക്കീസ് എന്നീ പ്രോഡക്ഷൻ ഹൗസുകൾ പ്രൊജക്ടിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക