ചണ്ഡീഗഢ്: യന്ത്ര തകരാറിനെ തുടർന്ന് വ്യോമസേന ഹെലികോപ്റ്റർ ഹരിയാനയിലെ ഹൈവേയിൽ അടിയന്തരമായി ഇറക്കി. യന്ത്ര തകരാർ മൂലമാണ് ഹെലികോപ്റ്റർ തിരിച്ചിറക്കേണ്ടിവന്നതെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമ്മിത ചീറ്റ ഹെലികോപ്റ്റർ ഹരിയാനയിലെ സോനിപത്ത് കെഎംപി എക്സ്പ്രസ് വേയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
അതേസമയം, ഹെലികോപ്റ്റർ റോഡിലിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്റർ റോഡിലേക്ക് ഇറങ്ങുമ്പോൾ ഒരാൾ റോഡിൽ നിന്ന് നിർദേശങ്ങൾ നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി. വ്യോമസേന ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും യന്ത്ര തകരാർ പരിഹരിച്ച ശേഷം ഒരു മണിക്കൂറിനുള്ളിൽ ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു. ഹെലികോപ്റ്റർ ഇറങ്ങുന്ന സമയത്ത് എക്സ്പ്രസ് ഹൈവേയിൽ ബാരിക്കേട് വെച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക