ഹാഗര്‍ എന്ന പുതിയ ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംവിധായകന് ആഷിഖ് അബു രംഗത്ത്. ഉണ്ടയുടെ തിരക്കഥക്ക് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന സിനിമയായ ഹാഗറില്‍ ഷറഫുദ്ദീനും റിമ കല്ലിങ്കലുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒരു സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കണം എന്നത് ഏറെ നാളായുള്ള ആഗ്രഹമാണ്. ശ്യാം പുഷ്ക്കരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ക്യാമറാമാന് ആവാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിനിയും നീളും. അത് കൊണ്ട് ഈ പ്രതിസന്ധിക്കിടയില്‍ അത് ചെയ്യാമെന്ന് വെച്ചു. അത്രേയുള്ളൂ, എന്ന് ആഷിഖ് അബു പറയുന്നു.
ഒ.പി.എമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരന്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു പപ്പുവാണ്. മറ്റുള്ള സിനിമകളെപ്പോലെ വളരെയധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടല്ല ഈ സിനിമയുടെ ചിത്രീകരണം. മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നുകൊണ്ടും, ബഡ്ജറ്റില്‍ നിന്നുകൊണ്ടുമാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. വളരെ ചെറിയ ചിത്രങ്ങള്‍ ചെയ്യാനുള്ള ശേഷിയെ ഞങ്ങള്‍ക്കുള്ളൂ. ഞങ്ങളുടെ ശക്തി ഞങ്ങളുടെ ഉള്ളടക്കമാണ്. പ്രതിസന്ധിയുടെ ഈ സമയം പുതിയ അന്വേഷണങ്ങള്‍ക്ക് ഉള്ളതുകൂടിയാണ്. ഇപ്പോള്‍, ഞങ്ങളെല്ലാവരും ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. എപ്പോഴാണ്, എവിടെയാണ് റിലീസ് ചെയ്യുന്നതെന്ന് ഞങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പക്ഷെ ഒരു നല്ല ചിത്രമൊരുക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും ആഷിക് അബു കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക