ഡബ്ലുസിസിയുടെ നേതൃനിരയിലുള്ള സംവിധായകയ്ക്കെതിരെ ആരോപണം ഉന്നയിച്ച കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറിനു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി. സ്റ്റെഫി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിനു പിന്തുണ നൽകുന്ന കമന്റുമായാണ് ഐശ്വര്യ എത്തിയത്.
ഇപ്പോഴെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചല്ലോ എന്ന് ഐശ്വര്യ കമന്റ് ചെയ്തു. സംഗീത സംവിധായകന് ഗോവിന്ദ് വസന്തയെയും ഐശ്വര്യ ടാഗ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടോ എന്നും ഐശ്വര്യ ചോദിച്ചു.
ഡബ്ല്യുസിസി നേതൃത്വ നിരയിലുള്ള വനിതാ സംവിധായകയുടെ സിനിമയില്‍ പ്രവർത്തിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ട് പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും സ്റ്റെഫി പറയുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍, ”സ്റ്റെഫി’ ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് ‘ എന്ന മാസ്സ് ഡയലോഗ് ആ സംവിധായിക തന്നോട് പറഞ്ഞതും താൻ വ്യക്തമായി ഓര്‍ക്കുന്നെന്നും സ്റ്റെഫി പറഞ്ഞു.
സ്റ്റെഫി പറയുന്ന വിവരങ്ങൾ വച്ചു നോക്കുമ്പോൾ ആ വനിത സംവിധായിക ഗീതു മോഹൻദാസ് ആണെന്നാണ് സിനിമാ പ്രേക്ഷകരുടെ കണ്ടെത്തൽ. മൂത്തോൻ സിനിമയുടെ സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
സ്റ്റെഫി എഴുതിയ കുറിപ്പിനു താഴെയും മൂത്തോൻ സിനിമയുടെ പേര് പലരും കമന്റ് ചെയ്യുന്നുണ്ട്. ഇതേ സിനിമയുടെ സംഗീതസംവിധായകനായിരുന്ന ഒരാൾക്ക് സമാനമായ അനുഭവമുണ്ടായെന്ന കമന്റ് സ്റ്റെഫിയും ശരിവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക