സച്ചിൻ പൈലറ്റ് കോൺഗ്രസിൽനിന്ന് അകലുന്നതിൽ സങ്കടമുണ്ടെന്നു മുതിർന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. കോൺഗ്രസിലെ ‘മികച്ചതും തിളക്കമേറിയതുമായ’ നേതാവാണു സച്ചിനെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. വിമത പ്രവർത്തനത്തിന്റെ പേരിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും സച്ചിനെ നീക്കിയതിനു പിന്നാലെയാണു തരൂരിന്റെ പ്രതികരണം.
‘സച്ചിൻ കോൺഗ്രസ് വിടുന്നതു കാണുമ്പോൾ എനിക്കു സങ്കടമുണ്ട്. ഞങ്ങളുടെ മികച്ചതും തിളക്കമേറിയതുമായ നേതാക്കളിലൊരാളായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. അത് ഇങ്ങനെയാകരുതെന്ന് ഞാനാഗ്രഹിച്ചു. വിട്ടുപോകുന്നതിനു പകരം, അദ്ദേഹത്തിന്റെയും നമ്മളുടെയും സ്വപ്നങ്ങൾക്ക് അനുസൃതമായി പാർട്ടിയെ കൂടുതൽ മികച്ചതും ഫലപ്രദവുമാക്കി തീർക്കാനുള്ള ഉദ്യമത്തിൽ അദ്ദേഹം പങ്കാളിയാകണം.’– തരൂർ അഭിപ്രായപ്പെട്ടു.
സച്ചിനെതിരെ കൂടുതൽ കടുത്ത നടപടികൾക്കു കോൺഗ്രസ് തയാറെടുക്കുകയാണ്. പാർട്ടിവിരുദ്ധ നിലപാടുകളുടെ പേരിൽ സച്ചിനുൾപ്പെടെയുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചു. എംഎൽഎമാർക്കു നിയമസഭാ സ്പീക്കർ നോട്ടിസ് അയച്ചു. എന്തുകൊണ്ട് അയോഗ്യരാക്കാതിരിക്കണം എന്നുള്ളതു വിശദീകരിച്ചു വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക